സകലകലകളുടെയും ഉത്സവമാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. ആടിയും പാടിയും എഴുതിയും വരച്ചും കുട്ടികള്‍ ആഘോഷമാക്കിയ കലോത്സവം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ യുവജനമേളയാണ്. സകലകലോത്സവത്തിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷമാണ് കാഞ്ഞങ്ങാട് കൊടിയേറിയിരിക്കുന്നത്. കലയുടെ, സാഹിത്യത്തിന്റെ രാപകലുകളെ വരവേല്‍ക്കുകയാണ് മലയാളി. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സ്കൂള്‍ കലോത്സവ വാര്‍ത്തകളാല്‍ നിറഞ്ഞു കഴിഞ്ഞു. മോഹിനിയാട്ടത്തിന്റെയും ഭരതനാട്യത്തിന്റെയും കഥകളിയുടേയും വേഷപ്പകര്‍ച്ചയില്‍ മനോഹരമാകുന്ന കുട്ടികളുടെ ചിത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങള്‍ക്ക് അലങ്കാരമാകുന്നു. കേരളത്തിന്റെ സാംസ്കാരിക ഉന്നമനത്തിന് സ്കൂള്‍ കലോത്സവങ്ങള്‍ നല്കിയ പങ്ക് വളരെ വലുതാണെന്ന കാര്യത്തില്‍ സംശയമില്ല. കലോത്സവങ്ങള്‍ സമ്മാനിച്ച പ്രതിഭകള്‍ തന്നെയാണ് നമുക്കുമുന്നിലുള്ള ഉദാഹരണങ്ങള്‍. ആദ്യ കലോത്സവത്തിലൂടെ അവതരിപ്പിക്കപ്പെട്ട യേശുദാസും ജയചന്ദ്രനും മുതല്‍ ആ പേരുകള്‍ തുടങ്ങുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവം ഇല്ലാത്തൊരു കാലത്തെ കുറിച്ച് നമുക്കിപ്പോള്‍ ചിന്തിക്കാനേ കഴിയുന്നില്ല. 117.5 പവനുള്ള സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കാനും വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടിയും മത്സരസ്വഭാവത്തോടെ വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും രംഗത്തു വന്നതോടെയാണ് കലോത്സവത്തിനിത്രയും വാര്‍ത്താപ്രാധാന്യം വന്നത്. അനാരോഗ്യകരമായ മത്സരസ്വഭാവം ഇല്ലായ്മ ചെയ്യുന്നതിന് വ്യക്തിഗത പ്രതിഭകളെ നിര്‍ണ്ണയിക്കുകയും അവര്‍ക്കു സമ്മാനം നല്‍കുകയും ചെയ്യുന്ന രീതി ഇടയ്ക്കു നിര്‍ത്തി. പകരം ഗ്രേഡ് സമ്പ്രദായം നിലവില്‍ വന്നു. പക്ഷേ, മത്സരസ്വഭാവത്തിനും ജയിക്കുന്നതിനായി കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ക്കും മാറ്റം വന്നിട്ടില്ല. ഗ്രേഡിംഗ് സമ്പ്രദായം നിലവില്‍ വന്നിട്ടും സ്വര്‍ണ്ണക്കപ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും അതുതന്നെയാണ്.
1957 ജനുവരി 26ന് എറണാകുളമാണ് ആദ്യ കലോത്സവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിന്റെ നടത്തിപ്പ് ചുമതല. ഇന്നത്തെപ്പോലെ പ്രത്യേകം സജ്ജമാക്കിയ അലങ്കാരപ്പന്തല്‍ അന്നുണ്ടായിരുന്നില്ല. പതിനായിരക്കണക്കിന് കലാസ്വാദകരുമില്ല. മത്സരാര്‍ഥികളുടെ തള്ളിക്കയറ്റമില്ല. പത്തും പതിനഞ്ചും വേദികളില്ല. ഗേള്‍സ് സ്കൂളിലെ കഌസ് മുറികളിലും ഹാളുകളിലുമായാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ നാനൂറോളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍. രണ്ടു ദിവസമായിരുന്നു കലോത്സവം. മത്സരാര്ഥികളും, അധ്യാപകരും എസ്.ആര്.വി സ്കൂളിലായിരുന്നു താമസിച്ചിരുന്നത്. ഇന്നിപ്പോള്‍ അരലക്ഷം പേരുടെ പങ്കാളിത്തമുള്ള മഹാമേളയായി. 10,000 മത്സരാര്‍ത്ഥികളും കൂടാതെ അധ്യാപകരും രക്ഷിതാക്കളും വിധികര്‍ത്താക്കളും. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നാലു നാളുകളില്‍ കലോത്സവത്തിനായി മെയ്യോടുമെയ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വന്‍ ജനപങ്കാളിത്തം മേളയുടെ എടുത്തുപറയേണ്ട പ്രത്യേകതയായി.
കാസര്‍കോട് ജില്ല രണ്ടാം തവണയാണ് കലോത്സവത്തിന് ആതിഥ്യം വഹിക്കുന്നത്. 1991 ലാണ് കാസര്‍കോട്ട് ആദ്യം കലോത്സവം അരങ്ങേറിയത്. ഇപ്പോള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാസര്‍കോട് കലോത്സവമെത്തുമ്പോള്‍ രൂപവും ഭാവവും ഏറെമാറി. 239 ഇനങ്ങളിലാണ് അറുപതാം കലോത്സവത്തില്‍ കുട്ടികള്‍ മാറ്റുരയ്ക്കുന്നത്. 28 വേദികളിലായി പതിനായിരം മത്സരാര്‍ത്ഥികള്‍. രണ്ടരക്കോടി രൂപയോളം ചെലവു വരുന്ന മഹാമേളയായി.
സ്കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായി പതിനായിരക്കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും യുവജനോത്സവ വേദികളിലൂടെ തങ്ങളുടെ കലാ-സാഹിത്യ വൈഭവം മാറ്റുരച്ചു പരീക്ഷിക്കുന്നത്. കുട്ടികളുടെ കലാ-സാഹിത്യ വൈഭവം പരീക്ഷിക്കപ്പെടാനുള്ള വേദിയെന്നതിനേക്കാളുപരി കേരളത്തിന്റെ സാംസ്കാരിക ഭാവങ്ങളെ ഉത്തേജനം നല്കി തൊട്ടുണര്‍ത്തുക കൂടിയാണ് കലോത്സവങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന കര്‍ത്തവ്യം. മലയാളി മറന്നുപോയ പലതരം കലാരൂപങ്ങള്‍, നമ്മുടെ സാംസ്കാരിക ഭൂമികയില്‍ നിന്ന് അന്യം നിന്നുപോയ വിവിധങ്ങളായ കലാസൃഷ്ടികള്‍, ഇവയ്ക്കെല്ലാം പുനര്‍ജനിക്കാനുള്ള വേദിയാണ് കലോത്സവങ്ങള്‍. ബാലകലാമേള എന്നൊരു ചെറിയ ആശയത്തില്‍ തുടങ്ങി, വളര്‍ന്ന് ഇന്നു കാണുന്ന മഹോത്സവത്തിലെത്തി നില്ക്കുമ്പോള് കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയ്ക്ക് സ്കൂള്‍ കോലോത്സവം നല്കിയ തിളക്കം എത്രയോ വലുതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നിരവധി കവികള്‍, കഥാകൃത്തുക്കള്‍, ഗായകര്‍, അഭിനേതാക്കള്‍, നര്‍ത്തകീനര്‍ത്തകന്മാര്‍, ചിത്രകാരന്മാര്…എത്രയെത്ര പ്രതിഭകളാണ് മലയാള മണ്ണില്‍ കലോത്സവവേദികളിലൂടെ പിറവിയെടുത്തത്.
കലോത്സവത്തിന് ഓരോ വര്‍ഷവും നിറപ്പകിട്ട് കൂടിക്കൂടി വരികയായിരുന്നു. അതിനനുസരിച്ച് പരാതികളും പരിഭവങ്ങളും കൂടി. കോടതിയും കേസുമൊക്കെയായി. പ്രതിഭയും തിലകവുമുണ്ടായപ്പോള്‍ മത്സരബോധം വളര്‍ന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മത്സരം രക്ഷിതാക്കളിലേക്കെത്തി. 1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭാപ്പട്ടവും പെണ്‍കുട്ടിക്ക് കലാതിലകപ്പട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദ്ദേശിച്ചത്. ഇതോടെ കടുത്ത മത്സരത്തിന് വഴിമാറുകയായിരുന്നു കലോത്സവങ്ങള്‍. കലോത്സവത്തില്‍ തിലകവും പ്രതിഭയുമാകുന്നത് സിനിമയിലേക്കുള്ള വഴിതുറക്കാലായാണ് പലരും കണ്ടത്. തിലക, പ്രതിഭാ പട്ടങ്ങള്‍ നേടിയെടുക്കാന്‍ അതിനാല്‍ തന്നെ പണം വാരിക്കോരി ചെലവിടാനും തുടങ്ങി. നൃത്തനൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്ക് മാത്രം പ്രതിഭാ, തിലക പട്ടങ്ങള്‍ നല്കിയാല് മതിയെന്ന പരിഷ്കാരം നിലവില്‍ വന്നത് 1999 മുതലാണ്. ഈ നിബന്ധന പാലിക്കാന്‍ പലര്‍ക്കും കഴിയാതെ വന്നതോടെ തുടര്‍ന്നുള്ള പലവര്‍ഷങ്ങളിലും കലാപ്രതിഭാ പട്ടത്തിന് അവകാശികളില്ലാതെയായി. പിന്നീടുള്ള കലോത്സവ വേദികളില്‍ കലാതിലക പട്ടത്തിനായുള്ള പിടിവലി രക്ഷിതാക്കളും നൃത്ത അധ്യാപകരും ഏറ്റെടുത്തു. അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയത്. പിന്നീട് 2006ലാണ് ഗ്രേഡിങ് സംവിധാനം കൊണ്ടുവന്നത്. ഒരു മത്സരത്തിനും ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനുമില്ല. കഴിവുകള്‍ മാറ്റുരയ്ക്കപ്പെടുന്നുണ്ടെങ്കിലും അനാരോഗ്യകരമായ മത്സരങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ അതിലൂടെ കഴിഞ്ഞു. തിലകവും പ്രതിഭയും ഇല്ലാതിരുന്നിട്ടും കലോത്സവത്തിന് യാതൊരു കോട്ടവും ഉണ്ടായില്ല.
ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്ക് സ്വര്‍ണ്ണക്കപ്പ് നല്കുന്ന പതിവ് 1986 മുതലാണ് തുടങ്ങിയത്. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദ്ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരാണ് 117.5 പവനുള്ള സ്വര്‍ണ്ണക്കപ്പ് പണിതീര്‍ത്തത്. 2008 വരെ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009ല്‍ ഹയര്‍സെക്കന്‍ഡറി കലോത്സവം കൂടി ഒന്നിച്ച് നടന്നതിനാല്‍ 2009 മുതല്‍ സ്വര്‍ണ്ണക്കപ്പ് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യു ജില്ലക്കാണ് നല്കി വരുന്നത്.
സ്കൂള്‍ കലോത്സവത്തെ ഇത്രകണ്ട് ജനകീയമാക്കുന്നതില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടെലിവിഷന്‍ ഇല്ലാതിരുന്ന കാലത്ത് പത്രങ്ങള്‍ കലോത്സവങ്ങളെ മഹോത്സവങ്ങളാക്കി. ടിവി ചാനലുകള്‍ വളരെ കൂടുതല്‍ ഉണ്ടായതോടെ വാര്‍ത്തകള്‍ നല്കുന്നതില് മത്സരമായി. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ വാര്‍ത്തകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചാനലുകള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിലും പ്രക്ഷേപണത്തിലും എത്രത്തോളം മുന്നോട്ടു പോയെന്നത് നമ്മെ അത്ഭുതപ്പെടുത്തും. കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെക്കാള്‍ മത്സര ബുദ്ധിയാണ് ചാനലുകാര് വാര്‍ത്ത നല്കുന്നതില് കാണിക്കുന്നത്.
കലോത്സവ ഇനങ്ങളില്‍ വിജയികളാകാന്‍ വളഞ്ഞവഴി സ്വീകരിക്കുന്നവരും കുറവല്ല. വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നതാണ് പുതിയ വഴി. അത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. വിധികര്‍ത്താക്കള്‍ പണം വാങ്ങി മാര്‍ക്കു കൂടുതല്‍ നല്കുന്നു. വിദ്യാര്‍ത്ഥികളെ ഒന്നാമതെത്തിക്കാന്‍ മത്സരിക്കുന്നത് രക്ഷിതാക്കളാണ്. അവരുടെ വീറും വാശിയും വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത്. ഇത് തടയാന്‍ ശക്തമായ നടപടികളുണ്ടാകുക തന്നെ വേണം. സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതും ഉയര്‍ന്ന ഗ്രേഡു കരസ്ഥമാക്കുന്നതുമെല്ലാം പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കുകിട്ടുന്നതിനും സിനിമയിലും സീരിയലിലുമൊക്കെ കയറിപ്പറ്റുന്നതിനുമുള്ള ഉപാധിയായാണ് പലരും കാണുന്നത്. വിധികര്‍ത്താക്കളെ സ്വാധീനിച്ചും കോടതിയില്‍ കേസുനടത്തിയും സമ്മാനം നേടാന്‍ ശ്രമിക്കുന്നവവര്‍ കലോത്സവത്തിന്റെ ശാപമാണ്. സ്കൂള്‍ കലോത്സവത്തില്‍ ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന അപ്പീല്‍പ്രളയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതാണ്.
കലോത്സവങ്ങള്‍ സാംസ്കാരികമായ ഉന്നതിയും ആഹ്ലാദകരമായ അന്തരീക്ഷവുമാണ് സമ്മാനിക്കുന്നത്. എന്നാല്‍ സംഘര്‍ഷത്തിനും തര്‍ക്കത്തിനും വാഗ്വാദത്തിനുമുള്ള വേദിയാക്കി അവയെ മാറ്റുമ്പോള്‍ ഇല്ലാതാകുന്നത് കേരളത്തിന്റെ സാംസ്കാരിക സമ്പന്നതയാണെന്ന തിരിച്ചറിവുണ്ടാകണം. രക്ഷിതാവും പരിശീലകനും മാധ്യമപ്രവര്‍ത്തകനും ആ ബോധത്തോടെവേണം പെരുമാറേണ്ടത്. അസ്വാരസ്യങ്ങളില്ലാത്ത കലോത്സവമാശംസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: