കണ്ണൂര്‍: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രവികസനത്തിനായി കണ്ടുവെച്ച ഭൂമി ക്ഷേത്രത്തിനെന്ന പേരില്‍ സ്വകാര്യ വ്യക്തിയില്‍ നിന്നു രേഖകള്‍ കൈക്കലാക്കി പ്രവാസി വ്യവസായിക്കുവേണ്ടി മറിച്ചുവിറ്റു. വില്‍പ്പനയില്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ പറ്റിയെന്ന ആരോപണത്തെത്തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സിക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റി. മുഴക്കുന്ന് ലോക്കല്‍ സെക്രട്ടറി സി. ഗോപാലനെയാണ് മാറ്റിയത്. പകരം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി മുന്‍ പ്രസിഡന്റുമായ എന്‍. സനോജിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ അടുത്തകാലത്ത് പ്രശസ്തിയിലേക്കുയരുകയും സംസ്ഥാനത്തുനിന്നും പുറത്തുനിന്നും ഭക്തജന പ്രവാഹം തുടരുകയും ചെയ്തതോടെ വാഹന പാര്‍ക്കിങ്ങിനും മറ്റും സ്ഥലം തികയാത്ത അവസ്ഥയുണ്ടായിരുന്നു. ക്ഷേത്രത്തോട് ചേര്‍ന്ന ഒന്നരയേക്കറോളം വരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലം വിലകുറച്ച് ഇതിനായി വില്‍പ്പന ചെയ്യാമെന്ന് സ്ഥലമുടമ പറഞ്ഞതിനെത്തുടര്‍ന്ന് ഈ സ്ഥലത്തിന്റെ രേഖ കൈക്കലാക്കുകയും ഒന്നരക്കോടിയോളം രൂപക്ക് മറ്റൊരു പ്രവാസി വ്യവസായിക്ക് മറിച്ച് വില്‍ക്കുകയുമായിരുന്നു.
ക്ഷേത്രത്തിന് ലഭിക്കേണ്ടതായ ഭൂമി മറിച്ചുവിറ്റ ഇടപാടില്‍ ഗോപാലന് ലക്ഷങ്ങള്‍ ലഭിച്ചതായും ഇടപാടിന് കൂട്ടുനിന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഒരു ആഡംബര കാര്‍ ലഭിച്ചതായുമാണ് സംസാരം. സംഭവം പുറത്തായതിനെത്തുടര്‍ന്ന് സിപിഎം മൂന്നംഗ അന്വേഷണകമ്മീഷനെ സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിനായി നിയമിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗോപാലനെ മാറ്റി എന്‍. സനോജിനെ പുതിയ ലോക്കല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. അതേസമയം ഒരുകാലത്ത് സര്‍വ്വ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടായിരുന്ന ക്ഷേത്രഭരണം പൂര്‍ണമായും സിപിഎം കയ്യടക്കിയതായും വിമര്‍ശനമുയരുന്നുണ്ട്.
















