കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ക്കു തടവും ശിക്ഷയും വിധിച്ച് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി. രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കേസിലെ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഒരാളെ മാത്രം തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു.
ഒന്നാം പ്രതി തലശ്ശേരി സ്വദേശി മന്‍സീദ് 14 വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും ലഭിച്ചു. മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലിക്ക് 7 വര്‍ഷം തടവും നാലാം പ്രതി കോഴിക്കോട് കുറ്റിയാടി സ്വദേശി എന്‍.കെ റാഷിദിന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു.അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന് അഞ്ച് വര്‍ഷമാണ് തടവ് ശിക്ഷ. എട്ടാം പ്രതി കാഞ്ഞങ്ങാട് സ്വദേശി മൊയ്നുദ്ദീന് മൂന്ന് വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു. ഇതില്‍ ആദ്യ രണ്ടു പ്രതികള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനമുണ്ടെന്നും കോടതി കണ്ടെത്തി.
9 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ടത് ഏഴുപേരാണ്. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദ്, രണ്ടാം പ്രതി തൃശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ്, മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി റാഷിദ് അലി, നാലാം പ്രതി കോഴിക്കോട് കുറ്റാടി സ്വദേശി എന്‍.കെ റംഷാദ് അഞ്ചാം പ്രതി തിരൂര്‍ സ്വദേശി സഫ്വാന്, എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്നുദീന്‍ പാറക്കടവത്ത് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. ആറാം പ്രതി കോഴിക്കോട് കുറ്റിയാടി നങ്ങീലാങ്കണ്ടി വീട്ടില്‍ ജാസിം എന്‍ കെയെ കുറ്റവിമുക്തനാക്കി.ഏഴാം പ്രതി സജീര്‍ ഭീകര പ്രവര്‍ത്തനത്തിനിടെ അഫ്ഘാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഒന്‍പതാം പ്രതി സുബ്ഹാനി ഹാജ മൊയ്തീന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.
2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് കേസ്. കലാപലക്ഷ്യത്തോടെ കേരളത്തില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങള്‍ക്കുള്ള തയാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തിലുണ്ടായിരുന്നു. ഇതെല്ലാം കോടതി അംഗീകരിക്കുകയും പ്രതികള്‍ക്കെതിരായ യുഎപിഎ നിലനില്‍ക്കുമെന്നും കോടതി വിധിച്ചിരുന്നു. എഴുപതു സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊടൈക്കനാലില്‍ അവധിയാഘോഷിക്കാനെത്തുന്ന ജൂതരെ ആക്രമിക്കാന്‍ ഭീകരവാദികള്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും എന്‍ഐഎ കോടതിയില്‍ നല്‍കിയിരുന്നു. അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: