തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ആയിരം ദിവസം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി കപ്പലടുപ്പിക്കും എന്നായിരുന്നു തുറമുഖത്തിന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കെടു കാര്യസ്ഥത പദ്ധതി പല ഘട്ടങ്ങളിലായി തടസ്സപ്പെടുകയായിരുന്നു.
2015 ഡിസംബര്‍ അഞ്ചിനായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം. ആദ്യ ഘട്ടം 2015-19 ഡിസംബറില്‍ പൂര്‍ത്തിയാക്കാനും രണ്ടാം ഘട്ടം 2024-27ലും മൂന്നാം ഘട്ടം 2034-37ലും നടപ്പിലാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിവിധ കാരണങ്ങളാല്‍ ഒന്നാം ഘട്ട പണി പോലും പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറമുഖത്ത് കപ്പലടുപ്പിക്കാനാകുമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.
കരിങ്കല്‍ ലഭ്യതക്കുറവാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം. സംസ്ഥാന സര്‍ക്കാരാണ് കരിങ്കല്‍ ലഭ്യത അദാനി ഗ്രൂപ്പിന് ഉറപ്പുവരുത്തേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ ഇതിന് വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. തുറമുഖത്തേക്ക് കടല്‍വെള്ളത്തിന്റെ ഒഴുക്ക് തടയുന്നതിനുള്ള ‘ബ്രേക്ക് വാട്ടര്‍’ (പുലിമുട്ട്) നിര്‍മാണത്തിനാണ് പ്രധാനമായും കല്ല് വേണ്ടത്. പുലിമുട്ടിനുമാത്രം 70 ലക്ഷം ടണ്‍ കല്ല് വേണ്ടിവരും. പൈലിങ് പൂര്‍ത്തിയായ ബെര്‍ത്തിന്റെ നിര്‍മാണത്തിന് 10 ലക്ഷം ടണ്‍ കരിങ്കല്ലാണ് വേണ്ടത്.
കരിങ്കല്ലെടുക്കാന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 20 പാറമടകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍, പാരിസ്ഥിതിക അനുമതിയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ക്വാറികളില്‍ നിന്ന് പാറ പൊട്ടിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് പലപ്പോഴും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടതായി വന്നിട്ടുണ്ട്. പുലിമുട്ട് നിശ്ചിതസമയത്തിന് മുമ്പ് പൂര്‍ത്തിയാക്കണമെങ്കില്‍ തുടര്‍ച്ചയായി കല്ലെത്തിക്കണം. പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിന് പ്രതിദിനം 10,000 ടണ്‍ കല്ലെങ്കിലും വേണം. ഇപ്പോള്‍ 3000 ടണ്‍മാത്രമാണ് കൊണ്ടുവരാന്‍ സാധിക്കുന്നത്.
പദ്ധതി പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ടായ കാലതാമസം, അതിനെ തുടര്‍ന്നുണ്ടായ സമരങ്ങള്‍, അടിക്കടിയുണ്ടാകുന്ന ശക്തമായ കടലേറ്റം, ഓഖി ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതിക്ഷോഭങ്ങള്‍ എന്നിവ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചുവെന്ന് തുറമുഖ കമ്പനി അധികൃതര്‍ പറയുന്നു. ഓഖിയില്‍ തുറമുഖത്തെ പല നിര്‍മാണ പ്രവര്‍ത്തനങ്ങളും കടലെടുത്തിരുന്നു. യന്ത്രസാമഗ്രികള്‍ക്ക് കേടുപാടുകള്‍ പറ്റി. ഇതുകാരണം ആഴ്ചകളോളം പണികള്‍ നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
ഒന്നാം ഘട്ടത്തില്‍ ടെര്‍മിനല്‍ നിര്‍മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങള്‍, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. രണ്ടാം ഘട്ടത്തില്‍ എഴുന്നൂറോളം മീറ്റര്‍ തുറമുഖത്തെ വികാസിപ്പിക്കലാണ്. മൂന്നാം ഘട്ടത്തില്‍ ഹാര്‍ബര്‍ ഏരിയ വികസന പദ്ധതികള്‍, ബ്രേക്ക് വാട്ടര്‍ നിര്‍മാണം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയായിരുന്നു തുറമുഖ നിര്‍മാണ പദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ഇല്ലാത്തതിനാല്‍ പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ ഇനിയും എത്രവര്‍ഷം കാത്തിരിക്കണമെന്ന് കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: