കുന്നത്തൂര്‍ (കൊല്ലം): വിവിധമേഖലകളില്‍ നിന്നുള്ള കടന്നുകയറ്റത്തോടെ തൊഴില്‍രംഗത്ത് ഗുരുതരപ്രതിസന്ധി നേരിടുകയാണ് ഫോട്ടോസ്റ്റുഡിയോകളും വീഡിയോഗ്രാഫിയും. ചില ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍, കാറ്ററിംഗ്, ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍, മ്യാരേജ് ബ്യൂറോകള്‍ മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ വരെ ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി മേഖലകളിലേക്ക് കടന്നു കയറുന്നതായാണ് സ്റ്റുഡിയോ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ പരാതി.
സ്റ്റുഡിയോകളിലെത്തി ഫോട്ടോയെടുക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെ വിപ്ലവകരമായ മാറ്റങ്ങളും സ്മാര്‍ട്ട് ഫോണുകളുടെ ആധിക്യവുമൊക്കെ സ്റ്റുഡിയോ ഉടമകളെ വെട്ടിലാക്കി. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷകന്റെ ഫോട്ടോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, അപേക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ ചില സേവനകേന്ദ്രങ്ങള്‍ ഫോട്ടോയെടുക്കാനുള്ള സൗകര്യവും തങ്ങളുടെ സെന്ററില്‍ തുടങ്ങി.
സ്റ്റുഡിയോ വരുമാനം നിലച്ചിട്ടും കല്യാണജോലികളിലൂടെ പിടിച്ചു നിന്നവരും ഇപ്പോള്‍ കടുത്ത തൊഴില്‍ ഭീഷണിയിലാണ്. ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും മ്യാരേജ് ബ്യൂറോകളും കാറ്ററിംഗ് കമ്പനികളും ഫോട്ടോ, വീഡിയോഗ്രാഫി ജോലികളും വിവാഹപാര്‍ട്ടികളില്‍ നിന്ന് ചോദിച്ചു വാങ്ങുകയാണ്. സ്കൂളുകളിലെ ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പ് സ്കൂളുകള്‍ക്ക് നല്കിയ ഡിജിറ്റല്‍ ക്യാമറകള്‍ അധ്യാപകരും ജീവനക്കാരും ദുരുപയോഗം ചെയ്യുന്നതായി ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു. ഇതിനെതിരെ സംഘടന വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്കി. ലക്ഷക്കണക്കിന് രൂപയുടെ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വാങ്ങി ഉപജീവനം തേടുന്ന പതിനായിരങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പദ്ധതി തയാറാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: