തൃശൂര്‍: ജീവിതകാലമത്രയും കലയ്‌ക്കും കലാമണ്ഡലത്തിനുമായി സമര്‍പ്പിച്ച് വിരമിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം ഉപജീവനത്തിന് വഴിയില്ല. യുജിസി നടപ്പാക്കിയിട്ടും കല്‍പ്പിത സര്‍വകലാശാലയായ കലാമണ്ഡലത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് ലഭിക്കുന്നത് നാമമാത്ര പെന്‍ഷന്‍.
കലാമണ്ഡലത്തിലെ വകുപ്പ് മേധാവികളായിരുന്നവര്‍ക്ക് പോലും ലഭിക്കുന്ന പെന്‍ഷന്‍ 6000 രൂപ മാത്രമാണ്. 2007ലാണ് കലാമണ്ഡലത്തെ കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തിയത്. അധ്യാപകര്‍ക്ക് യുജിസി നിരക്കില്‍ ശമ്പളം നല്‍കാനും തീരുമാനമായിരുന്നു.
2011 മാര്‍ച്ചില്‍ 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 33 സീനിയര്‍ അധ്യാപകരെ യുജിസിയില്‍ ഉള്‍പ്പെടുത്തി. മറ്റ് സര്‍വകലാശാലകളിലും കോളേജുകളിലും 2010 മുതല്‍ യുജിസിയുടെ ആറാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിരുന്നു. എന്നാല്‍ കലാമണ്ഡലത്തില്‍ യുജിസിയുടെ അഞ്ചാം പരിഷ്‌കരണമാണ് 2011ലെ ഉത്തരവ് പ്രകാരം 2012 മുതല്‍ നടപ്പാക്കിയത്.
ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എട്ടാം ശമ്പള പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ശമ്പളം ലഭിച്ചിരുന്ന അധ്യാപകര്‍ക്ക് ശമ്പളത്തില്‍ വലിയ കുറവുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഭരണസമിതിയും സര്‍ക്കാരും ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുകയായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ യുജിസിയുടെ ആറാം പദ്ധതി നടപ്പാക്കാമെന്ന്് ഉറപ്പ് നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു.
33 പേരില്‍ 25 പേര്‍ ഇതിനകം സര്‍വീസില്‍ നിന്ന് വിരമിച്ചു. ഇവര്‍ക്ക് 6000 രൂപയ്‌ക്കടുത്താണ് ഇപ്പോഴും പെന്‍ഷന്‍ ലഭിക്കുന്നത്. അവശേഷിക്കുന്ന രണ്ട് പേര്‍ മാര്‍ച്ചില്‍ വിരമിക്കും. ആറു പേര്‍ സര്‍വീസിലിരിക്കെ മരിച്ചു.
ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കലാമണ്ഡലം ഭരണസമിതി 2017-ല്‍ ജയചന്ദ്രന്‍ കമ്മീഷനെ നിയമിച്ചിരുന്നു. അധ്യാപകര്‍ക്കനുകൂലമായി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഭരണസമിതി അംഗീകരിച്ച് സര്‍ക്കാരിന് കൈമാറിയിട്ട് ഒന്നര വര്‍ഷമായി. കല്‍പ്പിത സര്‍വകലാശാലയായതിനാല്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതും ശമ്പളം നല്‍കേണ്ടതും.
കോങ്ങാട് മധു, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം ഗോപകുമാര്‍ തുടങ്ങി അറിയപ്പെടുന്ന കലാകാരന്മാരാണ് ഇവരില്‍ പലരും.
മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പലവട്ടം നിവേദനം നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഇനിയും തീരുമാനമുണ്ടായില്ലങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി കലാപ്രകടനങ്ങള്‍ നടത്തുമെന്നും അധ്യാപകര്‍ പറയുന്നു.
















