തിരുവനന്തപുരം: മഹാരാഷ്‌ട്രയില്‍ ശിവസേനയ്‌ക്ക് മുഖ്യമന്ത്രി പദം നല്‍കി മന്ത്രിസ്ഥാനങ്ങടക്കം അധികാരസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നതോടെ കേരളത്തിലടക്കം ഇടതുവലതു പാര്‍ട്ടികള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥ സംജാതമാകും. ദേശീയ തലത്തിലും കേരളത്തിലും മതേതരത്വം വീമ്പിളക്കുന്ന കോണ്‍ഗ്രസിനാണ് ശിവസനേ സഖ്യത്തെ സംബന്ധിച്ചു പൊതുജനമധ്യത്തില്‍ ഏറെ ന്യായീകരിക്കേണ്ടിവരിക. എന്നാല്‍, സിപിഎമ്മിനാകട്ടെ കേരളത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വരും. എന്‍സിപിയുടെ ഒരു മന്ത്രി അടക്കം മൂന്ന് എംഎല്‍എമാരാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫില്‍ അംഗമായുള്ളത്. ശിവസേനയെ പോലെ ഒരു പാര്‍ട്ടിയെ നയിക്കുന്ന മന്ത്രിസഭയില്‍ അംഗമായ എന്‍സിപിയുടെ ഒരു മന്ത്രി ഇടതുപക്ഷ സര്‍ക്കാരില്‍ അംഗമായിരിക്കുന്നതിന്റെ ധാര്‍മികത വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്കു വഴിവയ്‌ക്കും. നിലവില്‍ എ.കെ. ശശീന്ദ്രന്‍ ഗതാഗത വുകുപ്പ് മന്ത്രിയാണ്. തോമസ് ചാണ്ടി, മാണി സി. കാപ്പന്‍ എന്നിവര്‍ എംഎല്‍എമാരും.
ബിജെപിയെ വര്‍ഗീയ കക്ഷിയായി കണക്കാക്കുന്ന സിപിഎം ഇതുവരെ ശിവസേന-എന്‍സിപി സഖ്യത്തെ സംബന്ധിച്ചു പരസ്യപ്രതികരണം നടത്തിയിട്ടില്ല. നേരത്തേ, ബിജെപി സര്‍ക്കാരിന് എന്‍സി നേതാവ് അജിത് പവാര്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ബിജെപിയുമായ സഖ്യമുണ്ടാക്കുന്നവരുമായി തങ്ങള്‍ക്ക് ബന്ധമുണ്ടാകില്ലെന്നും അവര്‍ക്കെതിരേ അച്ചടക്ക നടപടി ഉണ്ടാകുമെന്നുമാണ് ശശീന്ദ്രന്‍ പ്രതികരിച്ചത്. എന്നാല്‍, ശിവസേന മതേതര കക്ഷിയാണോ എന്നു പ്രതികരിക്കാന്‍ ശശീന്ദ്രന്‍ തയാറായില്ല.
അതേസമയം, ബിജെപിയെ ഒഴിവാക്കാനാണ് ശിവസേനയെ പിന്തുണയ്‌ക്കുന്നതെന്ന നിലപാടാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. എന്നാല്‍, മഹാരാഷ്‌ട്ര മന്ത്രിസഭയില്‍ കോണ്‍ഗ്രസ് അംഗമാകുമോ എന്നതില്‍ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍, ഉപമുഖ്യമന്ത്രിപദം ഉള്‍പ്പെടെ സ്ഥാനങ്ങള്‍ എന്‍സിപി ഏറ്റെടുക്കുന്നതോടെ ദേശീയതലത്തില്‍ യുപിഎയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് അതിനും മറുപടി നല്‍കേണ്ടിവരും. ശിവസേ സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പ് ശക്തമാണ്. എന്നാല്‍, മഹാരാഷ്‌ട്ര പ്രാദേശിക ഘടകത്തിന്റെ തീരുമാനം അംഗീകരിക്കുന്നു എന്ന നിലപാട് മാത്രമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്.
















