കൊച്ചി: ശബരിമല ആചാരലംഘനത്തിന് താനെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. കൊച്ചി കമ്മീഷ്ണര്‍ ഓഫീസിലാണ് തൃപ്തി വെളിപ്പെടുത്തല്‍ നടത്തിയത്.
നേരത്തെ തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കില്ലെന്നും മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ തങ്ങിയിരുന്ന തൃപ്തിയും സംഘവും തങ്ങളെത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ആചാരലംഘനം ഒരുവിധത്തിലും നടപ്പാക്കരുതെന്ന ലക്ഷ്യത്തോടെ കമ്മീഷണര്‍ ഓഫീസില്‍ നാമജപ പ്രതിഷേധവുമായി ഭക്തരും തമ്പടിച്ചിട്ടുണ്ട്.
എന്നാല്‍, തങ്ങള്‍ മടങ്ങി പോകില്ലെന്ന വെല്ലുവിളി തന്നെയാണ് ഇപ്പോഴും തൃപ്തിയും സംഘവും ഉയര്‍ത്തുന്നത്. തൃപ്തിക്കും സംഘത്തിനും പോലീസ് സംരക്ഷണം നല്‍കില്ലെന്ന് ഡിസിപി ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് കൂട്ടാകാതെ സംഘം തമ്പടിച്ചതോടെയാണ് അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് കൂടി പോലീസ് യുവതികള്‍ക്ക് നല്‍കിയത്.
കമിഷണര്‍ വിജയ് സാഖറെ ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തുപുരത്തു ആയതിനാല്‍ ഡിസിപി ആണ് ഇപ്പോള്‍ കമ്മിഷണര്‍ ഓഫീസില്‍ എത്തിയിരിക്കുന്നത്. തൃപ്തി ദേശായിയുമായി അദ്ദേഹം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.
രണ്ടു സ്വകാര്യ വാഹനത്തിലാണ് സംഘം എത്തിയത്. എന്നാല്‍ കമ്മീഷണര്‍ ഓഫീസില്‍ വച്ച് ഒരു വാഹന ഡ്രൈവര്‍ തുടര്‍ യാത്രയില്‍ നിന്നും പിന്മാറി. മറ്റൊരു ഡ്രൈവര്‍ ഇപ്പോഴും സ്ഥലത്തുണ്ട്. സംഘം നെടുമ്പാശ്ശേരിയില്‍ എത്തുന്നതിനു വളരെ നേരത്തെ തന്നെ ബിന്ദു അമ്മിണി അവിടെ എത്തിയിരുന്നു. വാഹന സൗകര്യം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ബിന്ദു അമ്മിണി ആയിരുന്നെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: