തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിനി പാമ്പു കടിയേറ്റു മരിച്ചിട്ടു പോലും തിരിഞ്ഞു നോക്കാത്ത രാഹുല്‍ ഗാന്ധി എംപിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് സുപ്രധാനമായ ഒട്ടനവധി രാഷ്‌ട്രീയനീക്കങ്ങള്‍ നടന്നിട്ടും കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ എവിടെയന്ന് വ്യക്തമായിരുന്നില്ല. ഇതിനെതിരേ ട്രോളുകളും വ്യാപകമായിരിക്കുകയാണ്. ഇതിനിടെയാണു രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി ലഭിക്കുന്നത്. പരാതി സ്വീകരിച്ച നില്പൂര്‍ പോലീസ് അന്വേഷണവും ആരംഭിച്ചത്രെ. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വയനാട് മണ്ഡലത്തിലെ വോട്ടറും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അജി തോമസാണു നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. നിലമ്പൂര്‍ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചെന്നും സന്ദീപ്.
നേരത്തേ, പ്രിയപ്പെട്ട രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചുവരണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കണം. ഇവിടെ ഞങ്ങള്‍ കാത്തിരിക്കുന്നെന്നും കാട്ടി കോണ്‍ഗ്രസ്സിന്റെ യുവ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ പോസ്റ്റിനുതാഴെ പൊങ്കാലയാണ്. സ്വകാര്യ ചാനലിലെ പ്രവാസിലോകം എന്ന പരിപാടിയില്‍ കൊടുത്താല്‍ കണ്ടുപിടിക്കാനെളുപ്പമുണ്ടെന്നും പത്രപ്പരസ്യം നല്‍കിക്കൂടേയെന്നുമൊക്കെ വിരുതന്മാര്‍ എംഎല്‍എയെ ട്രോളിയത്.
സംഗതി തമാശയൊക്കെയാണെങ്കിലും രാഹുല്‍ എവിടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ലെന്നതാണ് വസ്തുത. ദേശീയ രാഷ്‌ട്രീയത്തിലെ നിര്‍ണായക സമയങ്ങളിലൊന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാഹുലില്ല. പകരം അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പഴയ സോണിയ ടീമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നോക്കുന്നത്. കേരളത്തിലെ കാര്യമാണ് കഷ്ടം. വയനാട്ടുകാരോട് എന്ത് മറുപടി പറയണമെന്നറിയാതെ കുഴയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. എംപിയെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ബത്തേരി സംഭവത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതൃത്വം സ്ഥലത്തെത്തിയെങ്കിലും സ്ഥലം എംപിയുടെ കുറവ് പരിഹരിക്കാനായിട്ടില്ല. എംപിമാര്‍ പങ്കെടുക്കേണ്ട കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ യോഗങ്ങളിലൊന്നും രാഹുലില്ല. അനില്‍ അക്കര ആവശ്യപ്പെട്ടതുപോലെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തില്ലെങ്കിലും തങ്ങളെ അനാഥരാക്കരുതെന്നാണ് വയനാട്ടുകാരുടെ എംപിയോടുള്ള അഭ്യര്‍ഥന.
















