‘അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്’ എന്നൊരു ചൊല്ലുണ്ട്. അത് അന്വര്‍ഥമാക്കുന്നതാണ് കഴിഞ്ഞദിവസം സിപിഎമ്മിന്റെ മുഖപത്രത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് എഴുതിയ ലേഖനം. അതിനേക്കാളുപരി അതിന്റെ പ്രസക്തി, കോടതിയലക്ഷ്യത്തിന് വഴിയൊരുക്കിയേക്കാം എന്നതാണ്. കോടതിയും ജഡ്ജിമാരും നിഷ്പക്ഷത വിട്ട് പെരുമാറുന്നു എന്ന് പരസ്യമായി ആക്ഷേപിക്കുന്ന മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി വിരല്‍ ചൂണ്ടുന്നത് അടുത്തിടെയുണ്ടായ അയോധ്യ, ശബരിമല കേസുകളിലെ വിധിന്യായങ്ങളിലേക്കാണ്. ജഡ്ജിമാരെ ഭീഷണിപ്പെടുത്തി നിലയ്ക്കുനിര്‍ത്താനുള്ള പ്രതിപക്ഷ കക്ഷികളുടെ ഒരു പുതിയ നീക്കമായിട്ടും ഇതിനെ കാണേണ്ടതുണ്ട്. മുന്‍പ് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇമ്പീച്ച് ചെയ്യാനും പൊതുമണ്ഡലത്തില്‍ അധിക്ഷേപിക്കാനും പ്രതിപക്ഷ കക്ഷികള്‍ നടത്തിയ ദുരുപദിഷ്ടമായ നീക്കം ഓര്‍ക്കണം. അന്ന് കോണ്‍ഗ്രസുകാരുടെ താല്പര്യങ്ങള്ക്കനുസരിച്ച് സുപ്രീംകോടതി നീങ്ങുന്നില്ലെന്ന തോന്നലുണ്ടായപ്പോഴാണ് അതിനവര്‍ തയ്യാറായത്.
നിരാശയുടെ കാലംകഴിഞ്ഞ കുറേക്കാലമായി പ്രതിപക്ഷം, പ്രത്യേകിച്ചും കോണ്‍ഗ്രസുകാര്‍ വലിയ വിഷമത്തിലാണ്. തങ്ങള്‍ നടത്തിയ തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ വിഷമമുണ്ടാകുന്നത് സ്വാഭാവികമാണല്ലോ. മറ്റൊന്ന്, അഴിമതിയോട് ഏതാണ്ടൊക്കെ സന്ധിയില്ലാത്ത ഒരു സമീപനം നമ്മുടെ ജുഡീഷ്യറിയും ഇക്കാലത്ത് സ്വീകരിക്കുന്നു എന്നതാണ്. ‘നാഷണല്‍ ഹെറാള്‍ഡ്’ കേസ് അതിന്റെ ഒരു നല്ല ഉദാഹരണമാണ്. ഇപ്പോഴിതാ പി. ചിദംബരം, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് ജയിലില്‍ കഴിയേണ്ടിവന്നതും നിയമം നിയമത്തിന്റെ വഴിയേ പോകുന്നതുകൊണ്ടാണ്. ഇത് പ്രതിപക്ഷത്തെ അഴിമതിക്കാര്‍ക്ക് മാത്രമല്ല തെറ്റ് ചെയ്യുന്നവര്‍ക്കൊക്കെ അനുഭവേദ്യമാവുന്നുണ്ട്. യുപിയില്‍ ഒരു മുന്‍ കേന്ദ്രമന്ത്രിക്ക് ഉണ്ടായ അനുഭവം കോടതി നിഷ്പക്ഷമാണെന്നതിന്റെ തെളിവല്ലെ? അതുപോലെ എത്രയോ സംഭവങ്ങള്‍. ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണാനുള്ള നീക്കം നടക്കുന്നു എന്നതാണ് പ്രധാനം. അതിന് കോടതിയെയോ ജഡ്ജിമാരെയോ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം?
‘ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം വിശ്വാസത്തിന്റെ കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തുകൊണ്ട് എക്സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. ‘ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ആര്‍ജവത്തിനും കടകവിരുദ്ധമാണിത്’ എന്ന് പ്രകാശ് കാരാട്ട് പറയുമ്പോള്‍ അതിലെന്താണ് നിഴലിക്കുന്നത്? ഇവിടെ നാം ഓര്‍ക്കേണ്ടത്, മുന്‍പ് ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കെ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തി രംഗത്തുവന്ന കുറെ ന്യായാധിപന്മാരുണ്ടല്ലോ, അക്കൂട്ടത്തില്‍ ഉണ്ടായിരുന്നയാളാണ് ജസ്റ്റിസ് ഗൊഗോയ്. അന്ന് ജസ്റ്റിസ് ഗൊഗോയിക്കുവേണ്ടി തെരുവിലിറങ്ങി ജയ് വിളിച്ചവരുടെ കൂട്ടത്തില്‍ സിപിഎമ്മുകാരുമുണ്ട്. അവരുടെ ഒരു സഖാവ് അന്ന് വൈകിട്ട് ഇക്കൂട്ടത്തില്പ്പെട്ട ഒരു ജഡ്ജിയുടെ വീട്ടില്‍ പിന്‍വാതിലിലൂടെ എത്തിയത് ലോകം കണ്ടതുമാണ്.
ആ വിവാദ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് രാജ്യസഭയില്‍ ചീഫ് ജസ്റ്റിസിനെതിരെ ഇമ്പിച്ച്മെന്റ് നീക്കം പ്രതിപക്ഷം നടത്തിയത്. അതുകൊണ്ട് കഴിഞ്ഞില്ല, ജസ്റ്റിസ് ഗൊഗോയ് ആയിരുന്നല്ലോ അടുത്ത ചീഫ് ജസ്റ്റിസ് നോമിനി. അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന് പറഞ്ഞുകൊണ്ട് പരസ്യ പ്രസ്താവനയുമായി ഇറങ്ങിയവരില്‍ കോണ്‍ഗ്രസ് വക്കീലന്മാര് മാത്രമല്ല സിപിഎം അടക്കമുള്ള പാര്‍ട്ടികളും ഉണ്ടായിരുന്നു. അന്ന് പിന്താങ്ങിക്കൊണ്ട് നടന്നവര്‍ ഇന്നിപ്പോള്‍ അതേ ജസ്റ്റിസ് ഗൊഗോയിക്കെതിരെ പടപ്പുറപ്പാട് നടത്തുകയാണ്. അദ്ദേഹം തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുമെന്ന് കരുതിയവരുടെ നിരാശയല്ലേ ഇത്?
തള്ളിപ്പോയ വാദങ്ങള്കഴിഞ്ഞ കുറേക്കാലമായി പ്രതിപക്ഷം കോടതിയില്‍ കൊണ്ടുവന്നത് അടിസ്ഥാനമില്ലാത്ത കേസുകളായിരുന്നു. റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ പേരില്‍ കോണ്‍ഗ്രസും മറ്റു ചിലരും ചേര്‍ന്ന് നടത്തിയ കള്ളത്തരങ്ങള്‍ അന്നുതന്നെ തുറന്നുകാട്ടപ്പെട്ടിരുന്നു. പൊതുതെരഞ്ഞെടുപ്പ് കാലത്തെ വിനോദമായിട്ടേ അതിനെ പലരും കണ്ടിരുന്നുള്ളൂ. രണ്ടുസര്ക്കാരുകള് തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ക്രമക്കേട്, അഴിമതി എന്നതൊക്കെ രാഹുല്‍ ഗാന്ധിയെപ്പോലുള്ളവരുടെ മനസ്സില്‍ മാത്രമുദിക്കുന്ന കുബുദ്ധിയാണല്ലോ. അതിന് പിന്നാലെ പോയവരില്‍ കാരാട്ടിന്റെ നേതാവ് സീതാറാം യെച്ചൂരിയുമുണ്ടായിരുന്നു. അതൊക്കെ സുപ്രീംകോടതി തിരിച്ചറിഞ്ഞു. പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടു. അതിനുമുമ്പാണ് ലോയ കേസ് പരിഗണിക്കപ്പെട്ടത്. എന്തൊക്കെ കള്ളക്കഥകള്‍ അന്ന് പ്രചരിപ്പിച്ചു. അതും സുപ്രീംകോടതി നിരാകരിച്ചു.
ഏറ്റവുമൊടുവിലാണ് ശബരിമല, അയോധ്യ കേസുകള്‍ വരുന്നത്. രാമജന്മഭൂമി കേസില്‍ സത്യത്തോട് ചേര്‍ന്ന് നില്ക്കുന്ന ഒരു വിധിന്യായം അത്യുന്നത നീതിപീഠം പുറപ്പെടുവിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയ യാഥാര്‍ഥ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ആ വിധി എന്നത് മറന്നുകൂടാ. ഇന്ത്യയിലെ വലിയൊരു വിഭാഗം രാഷ്ട്രീയകക്ഷികള്‍ അതിനെ അംഗീകരിച്ചു. മുസ്ലിം സമൂഹത്തിലും ആ ഒരു ചിന്ത നാം കണ്ടതാണ്. റിവ്യൂ ഹര്‍ജി കൊടുക്കുന്നതിനെക്കുറിച്ച് പോലും ഏകാഭിപ്രായം അവര്‍ക്കിടയിലുണ്ടായില്ല എന്നത് ബോധ്യമാണ്? പക്ഷെ വിഷമത്തിലായത് പ്രകാശ് കാരാട്ടാണ്. ‘അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകെത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും ‘എന്നാണ് സിപിഎം നേതാവ് പറയുന്നത്. കോടതി ഇവിടെ ആരോടൊക്കെയോ സന്ധിചെയ്യുന്നു എന്നതല്ലേ ആക്ഷേപം. അത് നീതിപീഠത്തെ ആക്ഷേപിക്കലല്ലെങ്കില് പിന്നെ മറ്റെന്താണ്?
നിലപാടിലെ വ്യതിയാനംശബരിമല കേസിലും ജഡ്ജിമാര്‍ക്കെതിരെ തിരിയുകയാണ് പ്രകാശ് കാരാട്ട്. യഥാര്‍ഥത്തില്‍ ശബരിമല പ്രശ്നത്തില്‍ സിപിഎം ഇപ്പോഴെടുക്കുന്ന നിലപാട് എന്താണെന്ന സംശയം വര്‍ധിപ്പിക്കുകയാണ് ഈ ലേഖനം. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് പറഞ്ഞുനടക്കുന്ന ലോക്കല്‍ സഖാക്കള്‍ക്ക് ഇത് തലവേദന സൃഷ്ടിക്കും. മാത്രമല്ല വിശ്വാസത്തെ കോടതി പരിഗണിക്കുന്നത് പോലും അവര്‍ ചോദ്യം ചെയ്യുകയല്ലേ. ജനങ്ങള്‍ക്ക് മുന്നില്‍ ഒന്ന് പറയുന്നു, പാര്‍ട്ടി വേറൊന്ന് ചിന്തിക്കുന്നു. അതിലുപരി ശബരിമലയില്‍ തങ്ങള്‍ക്കൊരു ഗൂഢ പദ്ധതി ഉണ്ടായിരുന്നുവോ എന്ന സംശയവും വരികള്‍ക്കിടയിലൂടെ നോക്കിയാല്‍ തോന്നിപ്പിക്കും.
കോടതിയെയും അന്വേഷണ ഏജന്‍സികളെയും വഴിതെറ്റിച്ചുകൊണ്ട് കേസുകളില്‍നിന്ന് സ്വന്തം സഖാക്കളെ രക്ഷിക്കാന്‍ സിപിഎം നടത്തിയ ശ്രമങ്ങള്‍ നാം എത്രയോ കണ്ടിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ സാക്ഷ്യപത്രമല്ലേ പെരിയയും വാളയാറും. വാളയാറില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചത് ആരാണ്? കാസര്‍കോട് പെരിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍ അതിനെതിരെ സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന നിയമപോരാട്ടം എന്താണ് കാണിച്ചുതരുന്നത്?
ഇനി ആരാണ് ഇപ്പോള്‍ രാജ്യത്തെ മൊത്തം മതേതരക്കാരുടെയും കുത്തക ഏറ്റെടുക്കാനും കോടതികളെ നിലയ്ക്ക് നിര്‍ത്താനുമൊക്കെ രംഗത്ത് വരുന്നത് എന്നതുകൂടി നോക്കേണ്ടതുണ്ട്. ഇന്ത്യയിലെ രണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും അഞ്ച് എംപിമാരെയാണല്ലോ. സിപിഐക്ക് രണ്ടും സിപിഎമ്മിന് മൂന്നും. സിപിഎമ്മിന്റെ മൂന്നെണ്ണത്തില്‍ രണ്ടും തമിഴ്നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ ചെലവില്‍ എഴുതിവെക്കേണ്ടതുണ്ട്. ഇത്തരമൊരു ഈര്‍ക്കിലി പാര്‍ട്ടി ഇന്ത്യയിലെ സ്വതന്ത്രമായ നീതിനിര്‍വ്വഹണ സമ്പ്രദായത്തെ ആക്ഷേപിക്കാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എത്രത്തോളം ഗൗരവം കൊടുക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: