കൊച്ചി: ഭാര്യ പിണങ്ങിയതുമൂലം ആത്മഹത്യചെയ്യുമെന്ന് പോലീസുദ്യോഗസ്ഥന്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കി. ഭീഷണിക്കുറിപ്പിനൊപ്പം ഭാര്യയുടെ ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തു. ഇതറിഞ്ഞതോടെ സഹപ്രവര്‍ത്തകരും ബന്ധുക്കളും കുഴഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഹൈറേഞ്ച് മേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തി ആത്മഹത്യചെയ്യുമെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്.
ഇതേതുടര്‍ന്ന് പോലീസുദ്യോഗസ്ഥനെ രക്ഷിക്കാന്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരും പരിശ്രമം തുടങ്ങി. ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഇയാളോട് ആത്മഹത്യയില്‍ നിന്നും പിന്‍മാറണമെന്നും ഭാര്യയുമായുള്ള പ്രശ്‌നം എന്താണെന്നുമൊക്കെ ചോദിച്ചുകൊണ്ടുള്ള കമന്റുകള്‍ നിരവധി വന്നു. തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രത്തിനു ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും ഉദ്യോഗസ്ഥന്റെ ബന്ധുക്കളും ചേര്‍ന്നു തെരച്ചില്‍ നടത്തി. പിന്നീട് കേരള-തമിഴ് നാട് അതിര്‍ത്തി മേഖലയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി ഉപദേശം നല്‍കി തിരികെ വീട്ടിലെത്തിച്ചു.
















