തിരുവനന്തപുരം: മഹാരാഷ്‌ട്രയിലെ ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരണത്തില്‍ ഞെട്ടി കേരളത്തിലെ എന്‍സിപി ഘടകം. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അജിത് പവാര്‍ പങ്കാളിയായതോടെ പെട്ടെന്നൊരു പ്രതികരണത്തിന് പോലും കഴിയാത്ത വിധം പ്രതിരോധത്തിലായിരിക്കുന്നു ഇടത് മുന്നണിയുടെ ഘടക കക്ഷിയായ കേരള എന്‍സിപി.
എന്താണ് നടന്നതെന്ന് പോലും നേതാക്കള്‍ക്ക് വ്യക്തതയില്ലാത്ത അവസ്ഥ. അജിത് പവാറിന്റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്റെ ട്വീറ്റ് എത്തിയ ശേഷമാണ് എന്തെങ്കിലും ഒരു പ്രതികരണത്തിന് സംസ്ഥാന എന്‍സിപി നേതൃത്വം തയ്യാറായത്. ശരത് പവാര്‍ ബിജെപി സഖ്യത്തിന് എതിരായ നിലപാടെടുത്തതില്‍ വലിയ ആശ്വാസവും കേരളത്തിലെ എന്‍സിപി നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാന എന്‍സിപി നേതാവ് ടിപി പീതാംബരന്റെ പ്രതികരണം.
വിഷയത്തിലെ പ്രതികരണം തേടി സമീപിച്ചപ്പോള്‍ ശരത് പവാറുമായി സംസാരിക്കാന്‍ സമയം വേണമെന്നായിരുന്നു ആദ്യം മാണി സി. കാപ്പന്‍ എംഎല്‍എയുടെ പ്രതികരണം. അജിത് പവാറിനെ തള്ളി പവാറിന്റെ ട്വീറ്റ് എത്തിയതോടെയാണ് കേരളത്തിലെ എന്‍സിപി ഘടകം ഇടത് മുന്നണിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന മാണി സി. കാപ്പന്‍ പ്രതികരിച്ചത്.
മഹാരാഷ്‌ട്രയിലെ പുതിയ സര്‍ക്കാര്‍ രൂപീകരണം ആദ്യമണിക്കൂറുകളില്‍ അറിയാന്‍ മന്ത്രി എ.കെ. ശശീന്ദ്രനും ആയില്ല. അജിത് പവാറിന്റെ നീക്കത്തിലൂടെയുള്ള മഹാരാഷ്‌ട്രയിലെ സര്‍ക്കാര്‍ രൂപീകരണ സമയം ശശീന്ദ്രന്‍ ജപ്പാന്‍-കൊറിയ സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനുമൊപ്പം വിമാനയാത്രയിലായിരുന്നു.
















