ഏതൊന്നിനേയും മറ്റൊന്നില്‍നിന്ന് വേര്‍തിരിക്കുന്നതും നിലനിര്‍ത്തുന്നതും സ്വത്വ നിര്‍വ്വചനത്തിന്റെ വ്യത്യസ്തതയും കാലഘട്ടത്തിന്റെ ആവശ്യകതയുമാണ്. നില
നില്‍ക്കുന്ന ഇടങ്ങളുടെ, സഹവസിക്കുന്ന വിഭാഗങ്ങളുടെ, സ്വത്വ ബോധവുമായി ഇഴുകിച്ചേരാനാവാത്ത ഏതൊന്നിനേയും കാലം അവഗണിക്കുകയും ഇന്നലെകളുടെ ചവറ്റുകുട്ടയിലേക്ക് തള്ളുകയും ചെയ്യും. ഇതേ അവഗണയാണ്, കാലത്തിന്റെ അനിവാര്യമായ നിരാസമാണ്, ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് സിപിഎം എന്ന രാഷ്‌ട്രീയ പാര്‍ട്ടി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.
വൈവിധ്യത്തിലും വൈകാരികതയാല്‍ കോര്‍ത്തിണക്കപ്പെട്ട, ഒരൊറ്റജനതയെന്ന ഏകമാനത രൂപപ്പെടുത്തിയ ഭാരതീയര്‍ക്കിടയില്‍ കാലമെത്ര പിന്നിട്ടെന്നാലും സിപിഎമ്മിന് കുടിയേറാന്‍ സാധിക്കാതെ പോയതിന് കാരണവും ഇതുതന്നെ. കേരളത്തിലേക്ക് മാത്രമായി പാര്‍ട്ടി ചുരുങ്ങിയതോടെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളും കേരളാഘടകവും എന്ന നിലയിലേക്ക് സി
പിഎം മാറി. പ്രസ്ഥാനങ്ങളുടെ സ്വത്വബോധത്തെ നിര്‍ണ്ണയിക്കുന്ന പ്രത്യയശാസ്ത്രം തന്നെ പലതായി ഭിന്നിക്കുകയും നിലപാടുകളില്‍ തരാതരംപോലെ വെള്ളംചേര്‍ക്കുകയും ചെയ്യുമ്പോള്‍ സിപിഎം, കാലത്തെ അതീജിവിക്കാനാവാതെ സമാനതകളില്ലാത്ത പ്രതിസന്ധിയിലുമായി. പ്രത്യയശാസ്ത്രത്തിന്റെ നൂലിഴകളില്‍നിന്ന് ചിതറിത്തെറിച്ച മുത്തുമണികളായി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകങ്ങളും ഉഴറുമ്പോള്‍ തന്നെ സി
പിഎം എന്ന പാര്‍ട്ടി അകപ്പെട്ട രാഷ്‌ട്രീയ പ്രതിസന്ധി എത്രമേല്‍ വലുതാണെന്ന് വ്യക്തമാകും.
രാജ്യം ഒറ്റക്കൊട്ടായി അംഗീകരിച്ച ബാബ്റി മസ്ജിദ് ഭൂമി തര്‍ക്കക്കേസിലെ സുപ്രീംകോടതി വിധിയ്‌ക്കെതിരേ സിപിഎം കേന്ദ്ര നേതൃത്വം രംഗത്തുവരുമ്പോള്‍ തന്നെയാണ് സംസ്ഥാന ഘടകം മുസ്ലിം തീവ്രവാദത്തിനെതിരെന്ന് തോന്നിപ്പിക്കുന്ന നിലപാടുമായി രംഗത്തെത്തുന്നതും. ഭീകരവാദികളെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും ഫലപ്രദവും ശക്തവുമായ നിയമസംവിധാനമായ യുഎപിഎയ്‌ക്കെതിരേ സിപിഎം കേന്ദ്ര നേതൃത്വം പ്രമേയം പാസാക്കുകയും കാടന്‍ നിയമമെന്ന് വിലയിരുത്തിപ്പോരുകയും ചെയ്യുമ്പോഴാണ് പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചുപോന്ന രണ്ട് ഇസ്ലാമിക- മാവോയിസ്്റ്റ് തീവ്രവാദികള്‍ക്കെതിരേ ഇതേ നിയമം ഉപയോഗിച്ച് കേരളത്തിലെ ഇടതുസര്‍ക്കാര്‍ നടപടി സ്വീകരിച്ചതും. മാവോയിസ്റ്റ് തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദമാണെന്ന് വ്യക്തമാക്കി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉറച്ച നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെയാണ് കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്യുന്നത്.
മാവോയിസ്റ്റ് തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദമാണെങ്കില്‍ ഇസ്ലാമിക തീവ്രവാദത്തിന് ഇവ രണ്ടും നല്‍കി പരിപാലിച്ചു വളര്‍ത്തിയത് സിപിഎം ആയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയതയിലൂന്നിയ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കാനുമായി ഇസ്ലാമിക തീവ്രവാദികളെ വളര്‍ത്തിയെടുത്ത സിപിഎമ്മിന് തങ്ങള്‍ ഇത്രയും കാലം പാലുനല്‍കിയത് കൊടുംവിഷമുള്ള പാമ്പുകള്‍ക്കാണെന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്ന് മാത്രം. ദേശദ്രോഹിയായ മുഗള്‍ ചക്രവര്‍ത്തി കെട്ടിപ്പൊക്കിയ, ദേശീയതയ്‌ക്ക് അപമാനമായിരുന്ന അയോധ്യയിലെ കെട്ടിടം പൊളിച്ചുമാറ്റിയ ഭാരതാംബയുടെ വീരപുത്രന്‍മാരെയോര്‍ത്ത് രാഷ്‌ട്രം ആവേശം കൊള്ളുമ്പോഴും ആട്ടിന്‍കൂട്ടത്തെ തമ്മിലടിപ്പിച്ച് ചോരനുണയാന്‍ കൊതിക്കുന്ന ചെന്നായയുടെ റോളിലായിരുന്നു പതിറ്റാണ്ടുകളായി സി
പിഎം നേതൃത്വം. ദേശീയതലത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ അയോധ്യയില്‍ ഉയരേണ്ടത് രാമക്ഷേത്രമാണെന്ന നിലപാട് സ്വീകരിച്ചപ്പോഴും അടുത്തിടെ ഏവര്‍ക്കും സ്വീകാര്യമായ രീതിയില്‍ സുപ്രീംകോടതി വിധി വന്നപ്പോഴും ദേശീയ താല്‍പ്പര്യത്തിനെതിരായി നിലകൊണ്ടത് സിപിഎമ്മായിരുന്നു.
ദേശവിരുദ്ധവും പിന്തിരിപ്പനുമായ ഈ നിലപാട് സ്വീകരിക്കുക വഴി തര്‍ക്കമന്ദിരം പൊളിച്ചുമാറ്റിയ ശേഷമുള്ള രാഷ്‌ട്രീയസാഹചര്യം തങ്ങള്‍ക്ക് അനുകൂലമായെന്നും മുസ്ലിം വിഭാഗങ്ങള്‍ക്ക് തങ്ങളോട് അടുപ്പം കുടിയെന്നുമുള്ള തോന്നലിലായിരുന്നു സിപിഎം നേതൃത്വം. മുസ്ലിം ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിച്ച് നിര്‍ത്തിയും സംഘടിതരല്ലാത്ത ഹിന്ദുവിനെ ഒപ്പം നിര്‍ത്തി ചതിച്ചും കേരളത്തില്‍ ഇടിവില്ലാതെ തന്നെ അടിത്തറ ദൃഢപ്പെടുത്താമെന്ന വ്യാമോഹമായിരുന്നു സിപിഎമ്മിന്റേത്. പിണായി വിജയന്‍ മുഖ്യമന്ത്രിയായതോടെ ബംഗാള്‍ മോഡലില്‍ പതിറ്റാണ്ടുകളുടെ ഭരണത്തുടര്‍ച്ചയ്‌ക്കായി നീക്കം. ഹിന്ദുവിന്റെ വിശ്വാസവഴികളില്‍ നിഷാദരായി നിറഞ്ഞുനിന്ന സര്‍ക്കാര്‍ സംവിധാനങ്ങളത്രയും ശബരിമല കോടതിവിധി മറയാക്കി അവന്റെ ഇടനെഞ്ചിലേക്ക് നിറയൊഴിച്ച് ആര്‍ത്തട്ടഹസിച്ചതും കഴിഞ്ഞ മണ്ഡലക്കാലത്ത് കണ്ടറിഞ്ഞതാണ്. ഇതുവഴി മുസ്ലീം തീവ്രവാദികളുടെ പിന്തുണ കൂടുതലായി ലഭിക്കുമെന്നും പ്രതികരണശേഷിയില്ലാത്ത ഹിന്ദു വിഭാഗം അപ്പോഴും കൂടെ
നില്‍ക്കുമെന്നുമായിരുന്നു ”സഭാവായ” ഉപദേശകന്‍ പിണറായിയ്‌ക്ക് പകര്‍ന്നു നല്‍കിയ സൂത്രം.
എന്നാല്‍ ഇത്തരം ഹിന്ദു വിരുദ്ധ നിലപാടിലൂടെ മുസ്ലിം അംഗസംഖ്യ കൂടി പാര്‍ട്ടി തടിച്ചുകൊഴുത്തെങ്കിലും രാക്കാലങ്ങളില്‍ മെലിഞ്ഞൊട്ടുന്നുവെന്ന അസാധാരണ രോഗം പക്ഷേ, നേതൃത്വം തിരിച്ചറിഞ്ഞത് കോഴിക്കോട് രണ്ട് മവോയിസ്റ്റ് തീവ്രവാദികള്‍ പിടിയിലായപ്പോഴാണ്. പിടിയിലാകുംവരെ പാര്‍ട്ടി അംഗങ്ങളായി വിവിധ ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച രണ്ടുപേരുടേയും അഭ്യാസമുറകള്‍ മുസ്ലിം തീവ്രവാദികള്‍ക്കൊപ്പമായിരുന്നുവെന്നും പാര്‍ട്ടി അവര്‍ക്കൊരു മറ മാത്രമായിരുന്നുവെന്നും തിരിച്ചറിഞ്ഞപ്പോഴേക്കും കാലമേറെ വൈകി. പാര്‍ട്ടി ഘടകങ്ങളിലെ മുസ്ലിം തീവ്രവാദിയാര്, മാവോയിസ്റ്റ് തീവ്രവാദിയാര് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ അതിസങ്കീര്‍ണ്ണ രാഷ്‌ട്രീയ പ്രതിസന്ധിയാല്‍ വലഞ്ഞ് പരസ്പരം സംശയമുനയോടെ നോക്കുന്ന അതിദയനീയ അവസ്ഥയിലായി സിപിഎം പ്രവര്‍ത്തകരും നേതാക്കളും. പരസ്പര വിശ്വാസം നഷ്ടമായ ഇടങ്ങളുടെ അനിവാര്യമായ തകര്‍ച്ചയിലേക്ക് തന്നെയാണ് ഈ സാഹചര്യത്തില്‍ സിപിഎം നീങ്ങുന്നതും.
കേരളത്തില്‍ ഗുണമേന്മ ഒട്ടുമില്ലാത്ത എന്ത് ചരക്കും ഇടതുപക്ഷ ലേബലൊട്ടിച്ചാല്‍ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുമെന്നതായിരുന്നു ധാരണ. സാമൂഹ്യമാധ്യമങ്ങളിലൊക്കെ സകലമാന തട്ടിപ്പ് വീരന്‍മാരും വീരത്തികളും ഇടതുപക്ഷ പോസ്റ്റുകളുമായി പ്രത്യക്ഷപ്പെടുന്നതും ദേശീയതാ പ്രസ്ഥാനങ്ങള്‍ക്ക് നേരെ കൊഞ്ഞനംകുത്തുന്നതും കമ്പോളത്തിലെ നില
നില്‍പ്പിന് വേണ്ടിമാത്രമാണ്. വൈവിധ്യവത്കൃത കമ്പോളത്തില്‍ തീവ്രവാദ വിപണനത്തിനായി വ്യാജ ലേബലിലെത്തുന്ന ഭീകരവാദികളും ഇടതുപക്ഷ മുഖംമൂടി തന്നെയണിയുന്നത് തങ്ങള്‍ക്കുള്ള അംഗീകാരമായി കരുതി
പോന്ന സിപിഎം നേതൃത്വം വസ്തുത തിരിച്ചറിയാന്‍ ഏറെ വൈകി. പി. മോഹനന്‍ ഒടുവില്‍ തുറന്നുപറഞ്ഞെങ്കിലും പാര്‍ട്ടി ഘടകങ്ങളില്‍ ചേക്കേറിയ മുസ്ലിം തീവ്രവാദികളെ, അവരുടെ വൈവിധ്യ ഉല്‍പന്നമായ മവോയിസ്റ്റ് തീവ്രവാദികളെ, കണ്ടെത്തുകയും നടപടിയെടുക്കുകയും ദുഷ്‌കരമാകും. അധികാരത്തുടര്‍ച്ച ആഗ്രഹിക്കുന്ന വിഭാഗം നാലോട്ടിന് വേണ്ടി കണ്ണടയ്‌ക്കാന്‍ തന്നെയാകും തയ്യാറാവുകയെന്നത് സിപിഎമ്മിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാവും.
ഇടതുപക്ഷ നിലപാടുതന്നെയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കൂലിയെഴുത്തുകാരേയും ഇടത് സംസ്‌ക്കാരിക നായകരെന്ന ലേബലില്‍ വിലസുന്നവരെ പ്രലോഭിപ്പിച്ചും ഒപ്പംനിര്‍ത്തി ഭീകരവാദ ആശയങ്ങള്‍ കേരളീയ പൊതു സമൂഹത്തിലേക്ക് കുത്തിവയ്‌ക്കുന്ന ഒട്ടേറെ തീവ്രവാദ സംഘടനകള്‍ കേരളത്തിലുണ്ട്. ജനാധിപത്യ സംവിധാനങ്ങളെ പോലും അംഗീകരിക്കാതെ മൗദൂദിയുടെ ഇസ്ലാമിക രാഷ്‌ട്രമെന്ന മൗലിക- ഭീകരവാദത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയും അവരുടെ യുവജന സംഘടനയായ സോളിഡാരിറ്റിയുമൊക്കെ ഇത്തരത്തില്‍ ഇടതു മുഖംമൂടിയണിഞ്ഞ് വളരെ കൃത്യവും നിഗൂഢവുമായ വഴികളിലൂടെയാണ് ആശയ പ്രചാരണം നടത്തുന്നത്. അതായത് പി. മോഹനന്‍ പിന്നീട് വിശദീകരിച്ചതുപോലെ മാവോയിസ്റ്റ് തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്ന ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഗണത്തെ കേവലം എന്‍ഡിഎഫിലേക്കും എസ്ഡിപിഐയിലേക്കും ചുരുക്കാതെ ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സകലമാന തീവ്രവാദ സംഘടനകള്‍ക്കുമെതിരേ രാഷ്‌ട്രീയമായും ഭരണപരമായും നടപടിയെടുക്കാന്‍ സിപിഎമ്മും അവരാല്‍ നയിക്കപ്പെടുന്ന സംസ്ഥാന ഭരണകൂടവും തയ്യാറാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. തെരുവോര പ്രസംഗത്തിലെ ഗീര്‍വാണത്തിനപ്പുറം മോഹനന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സിപിഎം ഇതിന് തയ്യാറായേ മതിയാകൂ. പാര്‍ട്ടി ഘടകങ്ങളിലെ ഇസ്ലാമിക- മാവോയിസ്റ്റ് തീവ്രവാദികളെ കണ്ടെത്തി ശുദ്ധികലശം നടത്തുകയും വേണം. നാലോട്ടിന് വേണ്ടി ഇത്രയും കാലം തുടര്‍ന്നതുപോലെ ഭീകരര്‍ക്ക് തണലൊരുക്കുന്ന നിലപാട് തന്നെയാണ് സിപിഎം തുടരുന്നതെങ്കില്‍ കേരളത്തില്‍ മാത്രം അവശേഷിക്കപ്പെട്ട ഈ രാഷ്‌ട്രീയ സംവിധാനം കനത്ത സ്ഫോടനത്തില്‍ പൊട്ടിത്തെറിക്കാന്‍ അധികകാലം വേണ്ടിവരില്ലെന്നും തീര്‍ച്ച.
















