ആലപ്പുഴ: നഗരപ്രദേശങ്ങളിലെ സ്‌കൂളുകള്‍ പലതും ഹൈടെക്കായി മാറിയെന്ന് മേനി നടിക്കുമ്പോഴും. കുട്ടനാട് അടക്കമുള്ള ഉള്‍പ്രദേശങ്ങളിലെ പല സ്‌കൂളുകളുടെയും അവസ്ഥ പരിതാപകരമാണ്. മഹാപ്രളയത്തിന്റെ കെടുതിയില്‍ നിന്ന് കരകയറാത്ത സ്‌കൂള്‍ കെട്ടിടങ്ങളിലാണ് കുട്ടികളുടെ പഠനം. കുട്ടനാട് കൈനകരി കുട്ടമംഗലം ഗവ. എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി ക്ലാസുകളുടെ സ്ഥിതി ദയനീയമാണ്. പൊളിക്കാനുപേക്ഷിച്ച കെട്ടിടത്തിലാണ് കുട്ടികളുടെ പഠനം, ഇഴജന്തുക്കളുടെ ശല്യവും ഏറെ. പരിസരമാകെ കുറ്റിക്കാടുകള്‍ നിറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ പഠിക്കുന്നത് കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ താത്കാലിക കെട്ടിടത്തിലാണ്. മഹാപ്രളയശേഷം സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് മേല്‍ക്കൂര നശിച്ചതോടെയാണ് ഒന്നര കിലോമിറ്റര്‍ അകലെയുള്ള എസ്എന്‍ഡിപി സ്‌കൂള്‍ കെട്ടിടത്തില്‍ അഭയം തേടിയത്. ഈ കെട്ടിടവും സ്‌കൂള്‍ അധികൃതര്‍ പൊളിക്കാനായി ഉപേക്ഷിച്ചതാണ്. അവിടെയാണ് നാലും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളുടെ പ്രീപ്രൈമറി ക്ലാസ് നടക്കുന്നത്. അടുത്ത ജനുവരിയില്‍ ഈ താത്കാലിക കെട്ടിടം പൊളിക്കേണ്ടി വരുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അതോടെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുമായി അധ്യാപകര്‍ പുറത്തിറങ്ങേണ്ടി വരും. കാടുകയറിക്കിടക്കുകയാണ് എല്‍പി സ്‌കൂളും പരിസരവും. ക്ലാസ് മുറികളില്‍ പോലും വള്ളിപടര്‍പ്പുകള്‍ പടര്‍ന്നു കയറി. അവ ഇപ്പോള്‍ ഇഴജന്തുക്കളും സാമൂഹികവിരുദ്ധരും കൈയടക്കി. സ്‌കൂളിന്റെ മുന്‍വശത്തുപോലും ഇഴജന്തുക്കളുടെ ശല്യമുണ്ട്. 72 കൊച്ചുകുട്ടികളാണിവിടെയുള്ളത്. മഹാപ്രളയം പിന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുരുന്നുകള്‍ക്ക് പഠിക്കാന്‍ അടച്ചുറപ്പുള്ള കെട്ടിടം പോലും നിര്‍മിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ഗ്രാമീണമേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി 1989-ല്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കുട്ടനാട് കാവാലത്ത് ലിസിയോയില്‍ ആരംഭിച്ച ടെക്‌നിക്കല്‍ സ്‌കൂളിന്റെ അവസ്ഥയും മറ്റൊന്നല്ല, വാടകക്കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളായി സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ട്. കെട്ടിടത്തില്‍ പലയിടത്തും വിള്ളലുകളുണ്ട്. സ്‌കൂള്‍ പരിസരത്ത് കാടും പുല്ലും വളര്‍ന്നിരിക്കുന്നത് പാമ്പുകള്‍ക്ക് താവളമാക്കാനും അവസരമൊരുക്കുന്നു. സൗകര്യപ്രദമായ മറ്റൊരുസ്ഥലത്തേക്ക് സ്‌കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വര്‍ഷങ്ങളായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടങ്കിലും ഒരു നടപടിയുമായിട്ടില്ല.
















