സുല്‍ത്താന്‍ബത്തേരി : ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളും ഉടന്‍ വൃത്തിയാക്കാന്‍ ഉത്തരവ്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്.
സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ക്ലാസിനുള്ളില്‍ വെച്ച് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പല സ്ഥലങ്ങളിലും പാമ്പുകളുടേയും മറ്റും മാളങ്ങളും സ്‌കൂളുകളില്‍ വേണ്ടത്ര ശുചിത്വം ഇല്ലായ്‌മയും കണ്ടെത്തിയിരുന്നു. ഇതോടെ ജില്ലയിലെ സ്‌കൂളുകളിലെ എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദ്ദേശം പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്, ഇന്ന് കളക്ടര്‍ക്ക് കൈമാറും.
കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും പ്രധാനധ്യാപകന്റെ നിര്‍ദ്ദേശം സ്‌കൂളിലെ അധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്.
സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
















