സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി ഷെഹ്ല ഷെറിന് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിക്കാനിടയായത് ഏറെ വേദനിപ്പിക്കുന്ന സംഭവമാണ്. ജീവിതം തുടങ്ങിയ പത്തുവയസ്സുകാരിക്ക് നല്ല ഓര്‍മ്മകള്‍ മനസ്സിലുറയ്ക്കേണ്ട ക്ലാസ് മുറിയില്‍ ജീവിതത്തിന് വിരാമമിടേണ്ടിവന്നു. ആ കുഞ്ഞിന്റെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദന കേരളം മുഴുവന്‍ സ്വന്തം വേദനയായി ഏറ്റെടുത്തു. ക്ലാസ് മുറിയിലെ മാളത്തില്‍നിന്ന് പുറത്തുവന്ന പാമ്പ് കടിച്ചപ്പോള്‍, കുട്ടി അധ്യാപകനോട് പറഞ്ഞെങ്കിലും കൃത്യസമയത്ത് ചികിത്സ നല്കുന്നതില് വീഴ്ച വരുത്തി. മരണം സംഭവിക്കാന്‍ കാരണം ഇതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുണ്ടായിരുന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാത്തവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുക തന്നെ വേണം. അത്രയെങ്കിലും ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരെ അധ്യാപകരെന്ന് എങ്ങനെ വിളിക്കാന്‍ കഴിയും? നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടട്ടെ.
എന്നാല്‍ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. ആശുപത്രിയിലെത്തിക്കാതെ സമയം വൈകിപ്പിച്ച അധ്യാപകരും സ്കൂള്‍ അധികൃതരും കുറ്റക്കാരാണെങ്കിലും ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതി കേരളത്തില്‍ ഭരണം നടത്തിയ സര്‍ക്കാരുകളാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച താഴേക്കാണെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാമതെത്തിയത് അഭിമാനത്തോടെയാണ് നമ്മള് കൊട്ടിഘോഷിച്ചത്. രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂള്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്സിന്റെ വിലയിരുത്തലിലാണ് കേരളം ഈ നേട്ടത്തിലെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങള്‍, പഠനനിലവാരം തുടങ്ങി 44 മാനകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പഠന നിലവാരത്തോടൊപ്പം തന്നെയാണ് അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും പരിശോധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന്റെ ഈ നേട്ടമെന്നായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രതികരണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആയി കഴിഞ്ഞു. സ്കൂളുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്.
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാലത്തിന് അനുസരിച്ച് മാറേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് നവീന പഠന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകള്‍ ഹൈടെക് ആക്കുക എന്ന ആശയം നടപ്പിലാക്കിയത്. സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂള്‍ പദ്ധതി 8 മുതല്‍ 12 വരെ ക്ലാസുകളില്‍ ഇതിനോടകം പൂര്‍ത്തിയായത്രെ. സര്‍ക്കാര്‍എയ്ഡഡ് മേഖലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലുള്ള 4752 സ്കൂളുകളില്‍ 58430 ലാപ് ടോപ്പുകള്‍, 42227 മള്‍ട്ടിമീഡിയാ പ്രൊജക്ടറുകള്‍, 40594 മൗണ്ടിംഗ് കിറ്റുകള്‍, 40621 എച്ച്.ഡി.എം.ഐ. കേബിള്‍, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകള്‍, 41544 യുഎസ്ബി സ്പീക്കറുകള്‍, 4688 ഡിഎസ്എല്‍ആര്‍. ക്യാമറകള്‍, 4522 നാല്പത്തിരണ്ടിഞ്ച് എല്‍ഇഡി ടെലിവിഷനുകള്‍, 4720 ഫുള്‍ എച്ച്ഡി വെബ് ക്യാമുകള്‍ എന്നിവയാണ് സ്ഥാപ്ച്ചിട്ടുള്ളത്. 9046 െ്രെപമറി, അപ്പര്‍ െ്രെപമറി സ്കൂളുകള്‍ ഉള്‍പ്പടെ 13798 സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങള്‍ക്ക് ബ്രോഡ്ബാന്റ് കണക്ടിവിറ്റിയുണ്ട്. എല്ലാ െ്രെപമറി, അപ്പര്‍ െ്രെപമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ 300 കോടി രൂപ അനുവദിച്ചെന്നുമാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.
ഏറെ പാരമ്പര്യം പറയാനുള്ള സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഈ പദ്ധതികളിലൊന്നും പെട്ടില്ലേ? കൊച്ചുകുട്ടികള്‍ ഇരുന്നു പഠിക്കുന്ന ക്ലാസ്മുറികളിലെല്ലാം പാമ്പുകളും പഴുതാരയും തേളുകളും പാര്‍ക്കുന്ന മാളങ്ങളാണിവിടെ. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന്, നാട്ടുകാരുടെ പ്രതിഷേധാഗ്നി സ്കൂളിനു നേരെയുയര്ന്നപ്പോഴാണ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സ്കൂളിന്റെ ദുരന്താവസ്ഥ പുറത്തറിഞ്ഞത്. സ്കൂള്‍ പരിസരത്തെ വലിയ കുളം ചാനല്‍ക്യാമറകള്‍ എടുത്ത് കാട്ടിയത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും, കൊതുകുകളും കീടങ്ങളും നിറഞ്ഞ് രോഗം പരത്തുന്നയിടമാണതെന്ന്. വൃത്തിയുള്ള ശുചിമുറികളും ഇവിടെയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നു.
ഈ സ്കൂളിലെ മിക്ക ക്ലാസ് മുറികളിലും മാളങ്ങളുണ്ട്. ഇവിടെയെല്ലാം പാമ്പുകളുമുണ്ടത്രെ. പലപ്പോഴും ക്ലാസ് മുറിയില്‍ പാമ്പുകളിഴയുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരും കണ്ടിട്ടുമുണ്ട്. പാമ്പുവരുമ്പോള് കുട്ടികള്‍ കാലുകള്‍ ബഞ്ചിന്മേല് ഉയര്‍ത്തി വെക്കും. പാമ്പ് ഇഴഞ്ഞ് മാളത്തിലേക്ക് പോകും. കഴിഞ്ഞ ദിവസം മുറിയിലെ മാളത്തിനടുത്ത് ഷഹ്ല കാല് വെച്ചിരിക്കുമ്പോഴാണ് പാമ്പുകൊത്തിയത്. എന്നാല്‍ പാമ്പ് കടിച്ചുവെന്ന കാര്യം അറിയാതെ കുട്ടി നിന്നു. രണ്ട് പ്രാവശ്യം ഷഹ്ലയെ പാമ്പ് കൊത്തി. അപ്പോഴാണ് ടീച്ചറെ അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഷഹ്ലയെ അച്ഛന് വന്ന് ആശുപത്രിയില്‍ കൊണ്ടുപോകുമെന്നും ഇപ്പോള്‍ കൊണ്ടുപോകേണ്ടെന്നും ഒരു അധ്യാപകന് പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ നീല നിറം ഷഹ്ലയുടെ കാലില്‍ കണ്ടു. ഇതിന് പിന്നാലെയാണ് അച്ഛന് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാമ്പ് കടിച്ച് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. അധ്യാപകനോട് എത്ര പറഞ്ഞിട്ടും തയ്യാറാകാതെ, പഠിപ്പിക്കുകയായിരുന്നെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പാമ്പ് കടിച്ചെന്ന് കുട്ടി പറഞ്ഞിട്ടും കല്ല് തട്ടിയതാണ്, അട്ട കടിച്ചതാണ് എന്നൊക്കെ പറഞ്ഞ് നിസ്സാരമാക്കാനാണ് അധ്യാപകര്‍ ശ്രമിച്ചത്.
അടുത്ത വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തെ സ്കൂളുകളെല്ലാം ഡിജിറ്റലാകുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. സ്കൂളിന്റെ മതില്‍ക്കെട്ടിനുള്ളില്‍ കുട്ടികളെത്തിയാല്‍ വീട്ടിലുള്ള രക്ഷകര്‍ത്താവിന്റെ മൊബൈല്‍ഫോണില്‍ അറിയിപ്പെത്തും! പഠനത്തില്‍ പിന്നാക്കം പോയാലും ഫോണില്‍ അറിയിപ്പു വരും. കുട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുക്കുമത്രെ. പക്ഷേ, ഇതൊന്നും സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മാത്രം ബാധകമായില്ല. പാമ്പുകള്‍ പാര്‍ക്കുന്ന ക്ലാസ് മുറിയിലെ മാളങ്ങള്‍ അടയ്ക്കേണ്ടത് ആരാണെന്നും ഒരു മന്ത്രി പറഞ്ഞു കഴിഞ്ഞു. സ്കൂള്‍ പിറ്റിഎയുടെ ചുമതലയാണ് ക്ലാസ്മുറിയിലെ കുഴികള്‍ അടയ്ക്കുക എന്നതെന്നാണ് മന്ത്രിയുടെ വാദം.
സ്കൂളുകളും ക്ലാസ്മുറികളും ഹൈടെക് ആക്കാന്‍ ലാപ്ടോപ്പുകളും ഡിജിറ്റല്‍ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയത് കോടിക്കണക്കിന് രൂപയ്ക്കാണ്. കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും പണം അതിനായി കേരളത്തിലേക്ക് ഒഴുകുന്നുമുണ്ട്. ഇത്തരം ഇടപാടുകളിലൂടെ അതുനടത്തുന്നവര്ക്ക് സാമ്പത്തിക നേട്ടം കൊയ്യാനാകും. ക്ലാസ്മുറിയിലെ കുഴികളടയ്ക്കാനും സ്കൂള്‍ പരിസരം വൃത്തിയാക്കാനും ശുചിമുറികളുണ്ടാക്കാനുമൊക്കെ ചെലവഴിക്കാന്‍ സമയവും പണവും ഇല്ലാത്തതുകൊണ്ടല്ല, ആ ഇടപാടിനേക്കാള്‍ വലിയ നേട്ടം ഡിജിറ്റല്‍ ഇടപാടില്‍ നിന്നുണ്ടാകും. സുല്‍ത്താന്‍ ബത്തേരിയിലെ അഞ്ചാംക്ലാസ്സുകാരി ഷെഹ്ല ഷെറിന് രക്തസാക്ഷിയാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ അപര്യാപ്തതയുടെ രക്തസാക്ഷി. ആയിരം രക്തസാക്ഷികളുണ്ടായാലും ‘ക്ലാസ് മുറികളിലെ പാമ്പുകള്‍ പാര്‍ക്കുന്ന മാളങ്ങള്‍’ തുറന്നുതന്നെ കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: