തിരുവനന്തപുരം: വയനാട് ജില്ലയിലെ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് ഷഹ്‌ല ഷെറിനെന്ന പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മറുപടി പറയണമെന്നും കൃത്യവിലോപം കാട്ടിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പറഞ്ഞ ശ്യാംരാജ് കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ മരണമുറികളാണെന്നും ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ത്ഥിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ശ്യാം രാജിന്റെ വിമര്‍ശനം. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. കുട്ടിയെ ആശുപത്രിയില്‍ വേണ്ട സമയത്ത് എത്തിക്കാതിരുന്ന സ്‌കൂള്‍ അധികൃതരെ പുറത്താക്കണം ജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും ശ്യാം രാജ് പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുഞ്ഞു ഷഹ്‌ലയ്‌ക്ക് ആദരാഞ്ജലികൾ..,,,
ബത്തേരിയിൽ, ക്ലാസ് മുറിയിൽ വച്ച് പാമ്പുകടി യേറ്റു മരിച്ച ഷഹ്‌ലയ്‌ക്ക് ആദരാഞ്ജലികൾ. വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം.കുട്ടിയെ ആശുപത്രിയിൽ വേണ്ട സമയത്ത് എത്തിക്കാതി രുന്ന സ്കൂൾ അധികൃതരെ പുറത്താക്കണം. ജില്ല വിദ്യാഭ്യാസ ഡയറക്ടർക്കെതിരെ നടപടി എടുക്കണം….
സ്കൂൾ പരിസരത്തോ, വഴിയിൽ വച്ചോ അല്ല ഷഹ്‌ലയ്‌ക്ക് പാമ്പുകടിയേറ്റത്, ക്ലാസ് മുറിയ്‌ക്ക് ഉള്ളിൽ വച്ചു തന്നെയാണ്. മീറ്ററുകളോളം ആഴമുള്ള നിരവധി മാളങ്ങൾ ക്ലാസ് മുറികൾക്ക് ഉള്ളിൽ ഇനിയുമുണ്ട്. അതൊന്ന് അടയ്‌ക്കാൻ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല…
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെയധികം അഭിമാനിക്കുന്നൊരു സംസ്ഥാനമാണ് കേരളം.
രൂപീകൃതമാവുന്ന സമയത്ത് 50% ലേറെ സാക്ഷരത ഉണ്ടായിരുന്ന സംസ്ഥാനം. ആ കേരളത്തിലാണ് ഇത്തരം മരണമുറികൾ, ക്ലാസ് മുറികളെന്ന പേരിൽ ഉള്ളതെന്നോർക്കണം.. ഇവർ കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്?? എല്ലാ വർഷവും ഇൻസ്പെക്ഷൻ എന്ന പേരും പറഞ്ഞ് കുറേ ആളുകൾ സ്കൂളുകളിൽ വന്ന് തിന്ന് കൊഴുത്ത് പോവാറുണ്ടല്ലോ ?അവരും കണ്ടില്ലേ ഈ മാളങ്ങൾ? അവസാനമായി സ്കൂളിൽ ഇൻസ് പെക്ഷനു വന്നവർക്കെതിരെയും നടപടി വേണം..
വിദ്യാഭ്യാസ മന്ത്രിയും, വകുപ്പും ഉത്തരം നൽകണം.
കൃത്യവിലോപം കാട്ടിയവർക്കെതിരെ നടപടി എടുക്കണം..
















