പിറവം: പള്ളിയില്‍ അവകാശത്തകര്‍ക്കം ഉന്നയിച്ച് രാജ്യസേവനത്തിനിടെ മരിച്ച സൈനികന്റ സംസ്‌കാരച്ചടങ്ങ് തടഞ്ഞതിനെതിരെ ഭാര്യ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. ജവാന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ ബാര്‍മീറില്‍ സൈനിക ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബിഎസ്എഫ്ജവാന്‍ കക്കാട് കൈപ്പട്ടൂര്‍ ബിനോയിയുടെ മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി പിറവം വലിയ പള്ളിയില്‍ എത്തിച്ചിരുന്നു. പള്ളിക്കുള്ളില്‍ മൃതദേഹത്തോടൊപ്പം വിശ്വാസികളും കൂടുതലായി പ്രവേശിച്ചതോടെ യാക്കോബായ- ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം അവകാശത്തര്‍ക്കവുമായി എത്തുകയായിരുന്നു.
ഇതോടെ ക്രമസമാധാന പ്രശ്‌നം നിലനിര്‍ത്തി കുടുതല്‍ ആളുകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിനെ പോലീസ് എതിര്‍ക്കുകയായിരുന്നു. അതേസമയം തന്റെ ഭര്‍ത്താവ് രാജ്യം കാത്തവനാണെന്ന് ഭാര്യ ഷിജി തേങ്ങലോടെ അറിയിച്ചെങ്കിലും അധികൃതര്‍ ആരും അത് കേട്ടില്ല. എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഉടന്‍ തന്നെ പള്ളിക്കുള്ളില്‍ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. ഇതോടെ സൈന്യം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുകയായിരുന്നു.
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഭാര്യ ഷിജി രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. രാജ്യസേവനത്തിനിടെ അപകടത്തില്‍ മരിച്ച ജവാന്റെ മൃതദേഹത്തോട് അധികൃതര്‍ അവഗണനയാണ് കാണിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.
യാക്കോബായ സഭയുടെ കീഴിലുള്ള കക്കാട് ചാപ്പലില്‍ സംസ്‌കാര ശുശ്രൂഷയും സൈനിക ബഹുമതികളും നല്‍കിയാണ് സംസ്‌കാരത്തിനായി മൃതദേഹം ഇടവക ദേവാലയത്തിലെത്തിച്ചത്.യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്‌കരിക്കാനെത്തിക്കുമ്പോള്‍ പള്ളിയുടെ വാതിലുകള്‍ തുറക്കാറില്ല. എന്നാല്‍ സൈനികന്റെ മൃതദേഹവുമായി എത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടന്നതു കണ്ട് എതിര്‍പ്പില്ലെന്നാണ് കരുതിയത്. ഈ സാഹചര്യത്തില്‍ ഭാര്യയുടേയും മക്കളുടേയും ആഗ്രഹപ്രകാരമാണ് മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
അതിനിടെ, ബിഎസ്എഫ്. ജവാന്‍ ബിനോയിയുടെ മൃതദേഹം പിറവം വലിയ പള്ളിയില്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സിലര്‍ സോജന്‍ ജോര്‍ജ് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുമ്പില്‍ ധര്‍ണ നടത്തി. മൃതദേഹത്തെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണു ധര്‍ണ. മുഖ്യമന്ത്രിയെ കണ്ട് ഇവര്‍ പരാതിയും നല്‍കി.
















