കല്‍പ്പറ്റ : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയില്‍ കിടപ്പാടം നഷ്ടമായി നീതിക്കുവേണ്ടി കളക്ട്രേറ്റിനു മുമ്പില്‍ ടാര്പ്പോളിന് വലിച്ചുകെട്ടി താമസിച്ച് കുട്ടികളക്കമുള്ള കുടുംബം. രേഖകളെല്ലാം സ്വന്തം പേരിലുണ്ടായിട്ടും താമസിക്കാന്‍ ഒരു കൂരയില്ലാതായതോടെയാണ് ഇരട്ട സഹോദരങ്ങളായ വിപിനും നിധിനും അമ്മ ട്രീസയ്ക്കും അച്ഛന് ജെയിംസിനുമൊപ്പം വയനാട് കളക്ടറേറ്റിലേക്ക് താമസം മാറിയത്.
കളക്ടറേറ്റിനു മുന്നില്‍ ടാര്പ്പോളിന് വലിച്ചുകെട്ടിയാണ് നാലു പേരടങ്ങുന്ന ഈ കുടുംബം 1560 ദിവസമായി കഴിയുന്നത്. ദിവസങ്ങളും മാസങ്ങളുമായി നീതിക്കായി കേണിട്ടും കുടുംബത്തിന് സര്‍ക്കാരില്‍ നിന്നോ അധികൃതരില്‍ നിന്നോ ഒരു തരത്തിലുള്ള അലിവോ ഉണ്ടായിട്ടില്ല. ഇതോടെ ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളുമായി രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയിരിക്കുകയാണ് കുടുംബം. നാലു വര്‍ഷത്തോളം സമരം നടത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. നീതി കിട്ടുമെന്ന പ്രതീക്ഷയില്ലാത്തതിനാല്‍ കുടുംബത്തോടെ മരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കുടുംബം അപേക്ഷ നല്‍കിയിരിക്കുന്നത്.
2015 ആഗസ്റ്റ് 15-നാണ് കളക്ടറേറ്റിനുമുന്നില്‍ ഭാര്യ ട്രീസയും രണ്ടു കുട്ടികളുമായി ജയിംസ് സമരം തുടങ്ങിയത്. 1976-ലാണ് വനംവകുപ്പ് ട്രീസയുടെ പിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ 12 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടുനിന്ന് 1966-ല്‍ വയനാട്ടിലേക്ക് കുടിയേറിയ ജോര്‍ജും സഹോദരന് ജോസും കുട്ടനാടന്‍ കാര്‍ഡമം കമ്പനിയുടെ കൈയില്‍ നിന്നാണ് തൊണ്ടര്‍നാട് വില്ലേജില്‍ 12 ഏക്കര്‍ സ്ഥലം വാങ്ങിയത്. നികുതി സ്വീകരിക്കുന്ന രേഖകളുമായി ജോര്‍ജ് സര്‍ക്കാര്‍ ഓഫീസുകളും കോടതികളും കയറിയിറങ്ങി.
ഇതോടെ 85ാം വയസ്സില്‍ കേസ് നടത്തി പാപ്പരായി സ്വന്തമായി ഒരു തരിമണ്ണ് പോലുമില്ലാതെ ജോര്‍ജ് മരണത്തിന് കീഴടങ്ങി. അതിനുശേഷം ജോര്‍ജ് കൈമാറിയ രേഖകളുമായി മരുമകന് ജെയിംസ് നിയമ പോരാട്ടം തുടര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കിടപ്പാടം തിരിച്ചു നല്കുന്നതില് അധികൃതരില്‍ നിന്നും ഒരു നീക്കുപോക്കും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ജെയിംസ് കളക്ടറേറ്റിനു മുന്നില്‍ കുടുംബവുമായി എത്തി സമരം ചെയ്യാന്‍ ആരംഭിച്ചത്. വിപിനും നിധിനുമിപ്പോള്‍ 16 വയസ്സായി എന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല.
മൂന്നുമാസം മുമ്പ് പരിശോധനക്കെത്തിയ നിയമസഭാസമിതിക്കുമുമ്പിലും വനംവകുപ്പിന്റെ നടപടി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഭൂമി തിരിച്ചുനല്‍കാന്‍ 2006 ഒക്ടോബര്‍ 11-ന് സംസ്ഥാന മന്ത്രിസഭയെടുത്ത തീരുമാനം നടപ്പാവാത്തതുപോലെ എല്ലാ അനുകൂല തീരുമാനങ്ങളും ആരുടേയോ ഇടപെടലില്‍ തടഞ്ഞുവെയ്ക്കപ്പെടുകയാണ്. ഭൂമി കുടുംബത്തിന് തിരികെക്കിട്ടിയാല്‍ തങ്ങളുടെ തെറ്റിന് ശിക്ഷകിട്ടുമെന്ന് ഭയക്കുന്ന വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിനുപിന്നിലെന്ന് ജെയിംസും കുടുംബവും ആരോപിക്കുന്നത്.
















