ന്യൂദല്‍ഹി: ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെതിരെ ദല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 186(പൊതുപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനെ തടസപ്പെടുത്തുക), 353(ആക്രമത്തിലൂടെ ഒരു പൊതുപ്രവര്‍ത്തകനെ തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമം) കുറ്റങ്ങള്‍ ചുമത്തി കിഷന്‍ ഗഡ് പോലീസാണ് പ്രക്ഷോഭകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശീതകാലസമ്മേളനം ആരംഭിച്ച ഇന്നലെയാണ് പാര്‍ലമെന്റിലേക്ക് ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടുള്ള പ്രക്ഷോഭം സംഘടിപ്പിച്ചത്. ജോര്‍ ബാഗിന് സമീപമായി സഫ്ദര്‍ ജംഗ് ടോംബിന് പുറത്തുവച്ച് പോലീസ് ഇടത് വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ ഏറ്റുമുട്ടി. യാതൊരു വിധ പ്രകോപനവുമില്ലാതെ ഇടത് സംഘടനകള്‍ പോലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇതിനെ പ്രതിരോധിക്കാന്‍ ലാത്തി വീശി. പ്രക്ഷോഭത്തില്‍ മുപ്പതോളം പോലീസുകാര്‍ക്കും 15 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ലോക്‌സഭയിലും ഒച്ചപാടുണ്ടാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഉച്ചയ്‌ക്ക് രണ്ട് മണിവരെ രാജ്യസഭ നിര്‍ത്തിവച്ചു.
മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ ജെഎന്‍യു പ്രക്ഷോഭകര്‍ ജനജീവിതം ദുസ്സഹമാക്കി. സമരത്തിന്റെ പേരില്‍ രോഗിയേയും വഹിച്ചുള്ള ആംബുലന്‍സ് ഇടത് വിദ്യാര്‍ത്ഥികള്‍ തടസ്സപ്പെടുത്തിയത് അര മണിക്കൂറാണ്. ജെഎന്‍യു സര്‍വകലാശാലയുടെ ഗെയ്റ്റുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് അഞ്ച് മിനിറ്റിലധികം ആംബലുന്‍സ് ക്യാമ്പസിനകത്ത് തന്നെ കുടുങ്ങി. തുടര്‍ന്നാണ് ട്രാഫിക്ക് കുരിക്കിലുംപ്പെട്ടത്. രോഗിയുണ്ടെന്ന പരിഗണനപോലും നല്‍കാതെയായിരുന്നു പ്രക്ഷോഭകരുടെ അഴിഞ്ഞാട്ടം. കോളേജ് അധികൃതരുടെ ശ്രമ ഫലമായിട്ടാണ് ആംബുലന്‍സിന് സര്‍വകലാശാലയില്‍നിന്ന് പുറത്തേയ്‌ക്ക് പോകാന്‍ കഴിഞ്ഞത്. കരുതികൂട്ടി പ്രക്ഷോഭകര്‍ ഗെയ്റ്റ് പൂട്ടുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. ഡോക്ടര്‍മാരെ പോലും അകത്തേയ്‌ക്ക് കയറ്റിവിടാതെയായിരുന്നു ജെഎന്‍യു അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടിയത്. നാല് പ്രധാന മെട്രോ സ്റ്റേഷനുകളാണ് സമരത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നത്. ഉദ്യോഗ് ഭവന്‍, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍, സെന്‍ട്രല്‍ സെക്രട്ടേറിയേറ്റ് സ്റ്റേഷന്‍ എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചത്.
വിവിധ സ്ഥലങ്ങളിലായി മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുനീങ്ങിയ വിദ്യാര്‍ത്ഥികള്‍ പോലീസുമായി ഏറ്റുമുട്ടി. യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്പതിലേറെപ്പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. പോലീസ് തല്ലിച്ചതച്ചതായി നേതാക്കള്‍ ആരോപിച്ചു. സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍നിന്ന് അറുനൂറ് മീറ്റര്‍ അകലെ ബാബാ ഗംഗാനാഥ് മാര്‍ഗിലും ലോധി റോഡില്‍ സഫ്ദര്‍ജംഗ് ടോംബ്ബിന് സമീപത്തുമായാണ് വിദ്യാര്‍ഥികളെ തടഞ്ഞത്. പ്രശ്നം പഠിക്കുന്നതിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മൂന്നംഗ സമിതിയെ നിയോഗിച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതിന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയതായി എംഎച്ച്ആര്‍ഡി സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം പറഞ്ഞു.
വിദ്യാര്‍ഥികളെ മന്ത്രാലയം ചര്‍ച്ചയ്‌ക്ക് വിളിപ്പിച്ചു. ഫീസ് വര്‍ധനവിനെതിരെ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലശാലയില്‍ പ്രതിഷേധത്തിലാണ്. വര്‍ധനവ് നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ എബിവിപിയും സമരത്തിലാണ്. ജെഎന്‍യുവിലെ യഥാര്‍ഥ പ്രശ്നം ഹോസ്റ്റല്‍ ഫീസ് വര്‍ധനവല്ലെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ കൂട്ടിയ അധിക ചാര്‍ജ്ജാണെന്നും കഴിഞ്ഞ ദിവസം എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ് പറഞ്ഞിരുന്നു.
















