ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കണ്ഠര് രാജീവരരുടെ റിവ്യൂ ഹര്‍ജിയും മറ്റ് 61 കേസുകളും ഇനി രൂപീകൃതമാകേണ്ടുന്ന ഒരു വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിട്ടിരിക്കുന്നു. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി ശബരിമല കേസുകളില്‍ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞു കഴിഞ്ഞശേഷം തുറന്ന കോടതിയില്‍ മറ്റ് കേസുകളുടെ വാദം കേള്‍ക്കുമ്പോള്‍ ആ കേസില്‍ കക്ഷിയല്ലാത്ത കേന്ദ്രസര്‍ക്കാരിനും അതിന്റെ അഭിഭാഷകനും ന്യൂനപക്ഷവിധി ന്യായം പുറപ്പെടുവിച്ച ജഡ്ജി ചില ഉപദേശങ്ങള്‍ നല്‍കുകയും എന്റെ വിധിന്യായം നിങ്ങള്‍ വായിച്ചു നോക്കൂ എന്ന് ശബ്ദമുയര്‍ത്തി പറയുകയും ചെയ്തിരിക്കുന്നു. മഴ തീര്‍ന്ന ശേഷം മരം പെയ്യുന്ന ഈ പ്രക്രിയ എങ്ങനെ സംഭവിച്ചു? ചീഫ് ജസ്റ്റിസ് തന്റേ മേല്‍ ഒരു പ്രായോഗിക ഫലിതം (പ്രാക്ടിക്കല്‍ ജോക്ക്) പ്രയോഗിച്ചു എന്ന ഈര്‍ഷ്യയാണ് ചെറിയ നരിമാന്റെ ഈ ക്ഷോഭത്തിനു പിന്നിലുള്ളത് (ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും ഫാലി എസ്. നരിമാന്‍ തന്നെയാണ് വലിയ നരിമാന്‍). ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ (വിധി 3:2 അനുപാതത്തിലായിരുന്നും.) ശബരിമല കേസുകളെ മറ്റ് സമാന കേസുകള്‍ക്കൊപ്പം പരിശോധിക്കാനാണ് മാറ്റി വച്ചിട്ടുള്ളത്. ബെഞ്ചിലെ ”ഭൂരിപക്ഷം” ”ടാഗോണ്‍” ചെയ്ത കേസുകള്‍. മുസ്ലീം സ്ത്രീകള്‍ക്ക് ദര്‍ഗകളില്‍/മോസ്‌ക്കുകളില്‍ ആരാധനക്കായി പ്രവേശിക്കുന്നതിന് സ്വാതന്ത്ര്യം നല്‍കണം എന്നാവശ്യപ്പെടുന്ന കേസ്, ‘അഗ്യരി’ എന്ന വിശുദ്ധ അഗ്നി സൂക്ഷിക്കുന്ന സ്ഥലമടങ്ങുന്ന പാര്‍സി ക്ഷേത്രങ്ങളില്‍ അന്യമതസ്ഥരെ കല്യാണം കഴിച്ച പാര്‍സി സ്ത്രീകള്‍ക്കുള്ള പ്രവേശന വിലക്ക്, ഒരാചാരം അല്ലെങ്കില്‍ അനുഷ്ഠാനം മതത്തെ സംബന്ധിച്ച് ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ കോടതികളുടെ അവകാശത്തെ സംബന്ധിക്കുന്ന കേസ്, ദാവൂദി ബോറ മുസ്ലിങ്ങള്‍ക്കിടയിലെ സ്ത്രീയോനി പരിഛേദനത്തെ (ചേലാകര്‍മം) നിയമവിരുദ്ധമായി പ്രഖ്യാപിക്കാനുള്ള കേസ് എന്നിവയോടൊപ്പമാണ് ശബരിമല കേസ് സമാന കേസ് എന്ന നിലയില്‍ ‘ടാഗ് ഓണ്‍’ ചെയ്തത്.
ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്റെ പിതാവായ അഡ്വ. ഫാലി എസ്. നരിമാന്‍ തന്റെ സുപ്രസിദ്ധ ജീവചരിത്രമായ ‘ഓര്‍മകള്‍ മടങ്ങുന്നതിന് മുന്‍പ്’ (ബിഫോര്‍ മെമ്മറി ഫേഡ്‌സ്) എന്ന ഗ്രന്ഥത്തിന്റെ ഏഴാം അദ്ധ്യായത്തില്‍ 136-ാം പേജില്‍ ചേര്‍ത്ത ഫോട്ടോയില്‍ തന്റെ പുത്രനായ റോഹിന്‍ടണ്‍ നരിമാന്‍ 12-ാം വയസ്സില്‍ പൂര്‍ണ ഉപദേശം ലഭിച്ച പാര്‍സി പൂജാരിയായത് കാണിക്കുന്നു. ഭരണഘടനാ ബെഞ്ച് പാര്‍സി ക്ഷേത്രത്തിലെ സ്ത്രീപ്രവേശനം ശബരിമല കേസുകളോട് ചേര്‍ത്ത് വച്ചതോടെ ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ തല്‍പ്പരകക്ഷിയായ നിലയില്‍ ബെഞ്ചില്‍നിന്ന് വിട്ടു നില്‍ക്കേണ്ടിവരും. ഇതാണ് മേല്‍പ്പറഞ്ഞ ‘ടാഗിങ് ഓണ്‍’ ജസ്റ്റിസ് നരിമാനെ പ്രകോപിപ്പിക്കാന്‍ കാരണമായത്.
ഒമ്പത് പേജുകളടങ്ങുന്ന ഭൂരിപക്ഷ വിധിയില്‍ വരുംകാലത്ത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഏഴോ അതിലധികമോ വരുന്ന വിശാല ബെഞ്ചിന് രൂപംനല്‍കി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന ഒന്നാം ഖണ്ഡികയില്‍ പരാമര്‍ശിച്ച വിവിധ കേസുകളിലെ തര്‍ക്കവിഷയങ്ങള്‍ക്ക് പരിഹാരം കാണണം. അതിനുശേഷം ഈ കേസിലെ റിവ്യൂ ഹര്‍ജികള്‍ തീര്‍പ്പാക്കണമെന്നുമാണ് വിധിച്ചത്.
ന്യൂനപക്ഷവിധിയെന്ന നിലയില്‍ റോഹിന്‍ടണ്‍ നരിമാന്‍ എഴുതിയ 68 പേജുകളുള്ള വിധിന്യായത്തില്‍ 2018 സെപ്തംബര്‍ 28 ന് വിധി പ്രസ്താവിച്ച ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ കേസിലെ വിധി ഉദ്ധരിച്ചശേഷം ജസ്റ്റിസ് കൃഷ്ണയ്യരുടെ (1975)1എസ്‌സിസി 674 പേജു മുതല്‍ റിപ്പോര്‍ട്ട് ചെയ്ത സൗചന്ദ്രകാന്തയും ഷെയ്‌ക്ക് ഹബീബും തമ്മിലുള്ള കേസില്‍ റിവ്യൂ ഹര്‍ജി എങ്ങനെ തീര്‍പ്പാക്കണമെന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.
റിവ്യൂ ഹര്‍ജികളുടെ പ്രസക്തിയെ സംബന്ധിച്ചും അവയിലെ വിധിമാര്‍ഗ്ഗരേഖയെ സംബന്ധിച്ചും (2013) 8 എസ് സിസി 320-ാം പേജ് റിപ്പോര്‍ട്ട് ചെയ്ത വിധി വിശദമായി ചര്‍ച്ച ചെയ്തശേഷം വീണ്ടും മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിയില്‍നിന്നും ഉദ്ധരണികള്‍ എടുത്തുചേര്‍ത്ത് എല്ലാ പ്രായത്തിലുള്ള സ്ത്രീകളുടെയും ശബരിമല പ്രവേശനം ന്യായീകരിക്കുന്നു. തുടര്‍ന്ന് ശി ഞല ഉലഹവശ ഘമം െഅര േ1951 ലെ വിധിയില്‍ ഏഴ് പ്രത്യേക വിധികള്‍ പുറപ്പെടുവിപ്പിച്ചതിനെ പരാമര്‍ശിച്ചും ജ. പരാശരന്റെ വാദത്തിലേക്ക് കടന്ന് ജ. ചന്ദ്രചൂഡ് 17-ാം അനുഛേദത്തേയും തൊട്ടുകൂടായ്മയെ സംബന്ധിച്ചും നടത്തിയ പരാമര്‍ശം ”എറര്‍ അപ്പാറന്റ് ഓണ്‍ ദേ ഫേസ് ഓഫ് റിക്കോര്‍ഡ്‌സ്” ആണെന്നു പരാശരന്റെ വാദത്തെ ഖണ്ഡിക്കാതെ തന്നെ അത് റിവ്യൂവുമായ് നേരിട്ട് ബന്ധപ്പെട്ടതല്ല എന്ന വിശദീകരണമാണ് ന്യൂനപക്ഷ വിധി നല്‍കുന്നത്. ന്യൂനപക്ഷവിധിയിലെ 15-ാം ഖണ്ഡിക മുതല്‍ മറ്റ് അഭിഭാഷകരുടെ വാദങ്ങളെ ക്രോഡീകരിച്ച് അയ്യപ്പ ഭക്തര്‍ പ്രത്യേക വിഭാഗം ഹിന്ദുക്കളല്ലെന്ന തീരുമാനത്തിലാണ് ന്യൂനപക്ഷം വിധി എത്തിച്ചേരുന്നത്.
19-ാം ഖണ്ഡികയില്‍ ”കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊറാലിറ്റി” എന്നത് അവ്യക്തമായ ഒരു നിയമ സംജ്ഞ അല്ല എന്ന് പ്രസ്താവിച്ചു. 20-ാം ഖണ്ഡിക വിശ്വാസത്തെ കോടതികള്‍ നിയന്ത്രിക്കരുത് എന്ന വാദത്തെ നിരാകരിക്കുന്നു. 22-ാം ഖണ്ഡികയില്‍ ”നൈഷ്ഠിക ബ്രഹ്മചാരിയാണ്” ദേവന്‍ എന്ന വാദം കൊണ്ട് സ്ത്രീപ്രവേശനം നിഷേധിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുകയും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത കാര്യങ്ങളെക്കുറിച്ച് വാദിച്ചത് അവ്യക്തം എന്ന് പറഞ്ഞ് നിരാകരിക്കുന്നു. എസ് മഹേന്ദ്രന്‍ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് എതിരായ കേസില്‍ ഈ കേസിലെ കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരള ഹൈക്കോടതി തീരുമാനിച്ചു എന്ന വാദവും ന്യൂനപക്ഷവിധി അംഗീകരിക്കുന്നില്ല. നിരവധി വിധികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് നരിമാന്‍, മഹേന്ദ്രന്‍ കേസിലെ വിധി റെസ് ജൂഡിക്കേറ്റ എന്ന നിയമ തടസ്സം ഉണ്ടാക്കുന്നില്ലെന്ന് സമര്‍ത്ഥിക്കുന്നു. പഴയവിധിയില്‍ വിശ്വാസികളല്ലാത്തവര്‍ വിശ്വാസം ചോദ്യംചെയ്യുന്നതിനെ അനുവദിക്കുന്നത് വലിയ അനീതികള്‍ക്ക് കാരണമാവുമെന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിയെ അടിസ്ഥാനരഹിതമെന്ന് തള്ളുകയാണ് ജസ്റ്റിസ് നരിമാന്‍ ചെയ്തത്. 29, 30 ഖണ്ഡികകളില്‍ റിവ്യൂ ചെയ്യാനുള്ള കാരണങ്ങളില്ലെന്ന് പറഞ്ഞു. റിവ്യൂ തള്ളാന്‍ ജസ്റ്റിസ് നരിമാന്‍ തീരുമാനിച്ചു. 32-ാം ഖണ്ഡികയില്‍ 144-ാം അനുഛേദം ഉദ്ധരിച്ച് ഭരണകൂടം സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന് വിധിച്ചു. 33-ാം ഖണ്ഡികയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങള്‍ വിശദീകരിച്ച വിധി 34, 35, 36, 37 മുതല്‍ 46 വരെയുള്ള ഖണ്ഡികകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും പരാമര്‍ശിച്ച ന്യൂനപക്ഷ വിധി ഇംഗ്ലീഷ് അമേരിക്കന്‍ ഭരണഘടനകളെ പരാമര്‍ശിച്ച് സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ സഹായം നല്‍കണം എന്ന നിലപാടിലെത്തുന്നു. 60-ാം ഖണ്ഡിക മുതല്‍ ഇംഗ്ലീഷ്, അമേരിക്കന്‍ വിധികള്‍ ഉദ്ധരിച്ച് 64, 65 ഖണ്ഡികകളില്‍ വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഓര്‍മിപ്പിക്കുന്നു. ന്യൂനപക്ഷ വിധി ഉള്‍ക്കൊള്ളുന്ന ഈ വിധിക്ക് പരമാവധി പരസ്യം നല്‍കണമെന്ന് 66-ാം ഖണ്ഡികയില്‍ കേരള സര്‍ക്കാരിന് ന്യൂനപക്ഷവിധി നിര്‍ദേശം നല്‍കി.
ഇത്തരുണത്തില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ ഈ വിധിയും, 2018-ലെ ശബരിമല വിധിയും നമ്മേ ചിലകാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കോടതികള്‍ ചില മതവിശ്വാസങ്ങളെ തൊടാന്‍ പറ്റില്ലെന്ന നിലയില്‍ ദൂരം പാലിക്കുന്നതും അസംഘടിത ഭൂരിപക്ഷ മതവിശ്വാസങ്ങളുടെ കാര്യത്തില്‍ സമത്വത്തിന്റെ പേരില്‍ ആചാരാനുഷ്ഠാനങ്ങളെ തള്ളിക്കളയുന്നതുമായ സ്ഥിതിവിശേഷമാണ്. ഇക്കാര്യത്തില്‍ വരുംനാളുകളില്‍ താമസംവിനാ വിശാല ബെഞ്ച് തീരുമാനമെടുക്കുമെന്ന് നമുക്ക് ആശിക്കാം.
എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ കോടതികളിലും നിലനില്‍ക്കുന്നുണ്ട്. അവയാകട്ടെ അടിയന്തരമായി എടുത്തു മാറ്റേണ്ടവയാണ്. കറുത്തവവ്വാലുകളെ ഓര്‍മിപ്പിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ യൂണിഫോം മാറ്റേണ്ട കാലം അതിക്രമിച്ചു. എന്തിനും അമേരിക്കയിലേക്ക് നോക്കുന്നവര്‍ക്ക് അവിടെ അഭിഭാഷകര്‍ ഇത്തരം കാലദേശ പ്രത്യേകതകള്‍ക്ക് അതീതമായ യൂണിഫോം ഉപയോഗിക്കുന്നില്ല എന്നുകാണാം. ”എന്റെ പ്രഭോ” എന്ന അര്‍ത്ഥത്തിലുള്ള ഹൈക്കോടതികളിലും സുപ്രീംകോടതിയിലുമുള്ള അഭിസംബോധന ജനാധിപത്യത്തോടുള്ള തികഞ്ഞ അധിക്ഷേപം മാത്രമാണ്. ഇക്കാര്യങ്ങളിലും പരമോന്നത നീതിപീഠത്തിന്റെ സത്വരശ്രദ്ധ പതിക്കുമെന്ന നമുക്ക് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: