കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം 25ന് നടക്കാനിരിക്കെ സിപിഎമ്മില്‍ ആശങ്കയും ആശയക്കുഴപ്പവും. അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി എം.വി. രാഘവനാണെന്ന പ്രചാരണത്തോടെയായിരുന്നു വര്‍ഷങ്ങളായി കൂത്തുപറമ്പ് രക്തസാക്ഷിദിനം സിപിഎം ആചരിച്ചുവന്നത്. എംവിആറിന്റെ മരണത്തോടെ സിപിഎം അദ്ദേഹത്തെ ഏറ്റെടുക്കുകയും സിഎംപിയുടെ ഒരു വിഭാഗത്തെ അടര്‍ത്തി കൂടെ നിര്‍ത്തുകയും ചെയ്തു. ഇതോടെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം വെറും ചടങ്ങായി.
എംവിആറിന്റെ ചരമവാര്‍ഷിക ദിനാചരണത്തില്‍ സിപിഎം നേതാക്കള്‍ സജീവമായി പങ്കെടുക്കുകയും പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കുകയും ചെയ്യാറുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ എംവിആറിനെ തടഞ്ഞതിനെ തുടര്‍ന്നായിരുന്നു കൂത്തുപറമ്പ് വെടിവയ്പ്. എന്നാല്‍, പിന്നീട് ഇടത് സര്‍ക്കാര്‍ തന്നെ സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചു. എംവിആര്‍ തുടങ്ങി വച്ച പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം ഏറ്റെടുത്തു. ഇതോടെ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ മുദ്രാവാക്യം തന്നെ പാര്‍ട്ടി മറന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവിആറിന്റെ മകന്‍ നികേഷ്‌കുമാര്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിന്ന് അരിവാള്‍ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചതോടെ സിപിഎമ്മിന്റെ രാഷ്‌ട്രീയ പാപ്പരത്വം അണികള്‍ പരസ്യമായി ചോദ്യം ചെയ്ത് തുടങ്ങി.
1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ സഹ. ബാങ്കിന്റെ ഉദ്ഘാടനത്തിനെത്തിയ എം.വി. രാഘവനെ തടയാനെത്തിയ സിപിഎം-ഡിവൈഎഫ്‌ഐ സംഘം അക്രമാസക്തമായപ്പോള്‍ പോലീസ് നടത്തിയ വെടിവയ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം സമാനതകളില്ലാത്ത അക്രമമാണ് നടന്നത്. 25 വര്‍ഷം പിന്നിടുമ്പോള്‍ അണികളിലെ മരവിപ്പ് നേതൃത്വത്തിലുമുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ചടങ്ങായി മാറിയെന്ന് നേതൃത്വത്തിനും ധാരണയുണ്ട്.
തുടക്കത്തിലുള്ള ആവേശം പാര്‍ട്ടി അണികളിലുമില്ല. വ്യക്തമായ മുദ്രാവാക്യമില്ലാതെ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളിലുള്ള മലക്കം മറിച്ചില്‍ അണികള്‍ക്കും ബോധ്യമുണ്ട്. മാറിയ സാഹചര്യത്തില്‍ പരിപാടിയില്‍ അണികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയെന്ന വെല്ലുവിളിയാണ് സിപിഎം നേതൃത്വത്തിന് മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: