തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിശാലബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തര്‍ക്കിടയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇത് വിവാദമാവുകയും ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങുന്നത്. യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിധിയില്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
മതാചാരം കോടതിയാണോ നിര്‍ണ്ണയിക്കേണ്ടെതടക്കമുള്ള കാര്യങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടത്. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശനവിധി കര്‍ശനമായി പാലിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ പൊതുവിലയിരുത്തല്‍. മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘര്‍ഷം ഒഴിവാക്കാനാണ് സര്‍ക്കാറിന്റെ പ്രഥമ പരിഗണന. യുവതികളെത്തിയാല്‍ പോലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി തുടരും.
വിശാല ബെഞ്ച് ഹര്‍ജികള്‍ പരിശോധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ ഇനി പുതിയ നിലപാട് സ്വീകരിക്കുക. അതേസമയം ശബരിമലയ്‌ക്കൊപ്പം മുസ്ലിം സ്ത്രീകളുടെ ആരാധനാലയ പ്രവേശനവും കോടതി പരിഗണിക്കുമെന്നത് ലീഗിനും പ്രതിസന്ധിയിലാക്കുന്നുണ്ട്.
















