കാസര്‍ഗോഡ്: സംസ്ഥാനത്ത് ഇടത് സര്‍ക്കാരാണ് ഭരിക്കുന്നതെന്നത് ഹുങ്കാക്കി മാറ്റിയ സിപിഎമ്മുകാരുടെ അക്രമവും അഴിഞ്ഞാട്ടവും തുടര്‍കഥയാകുന്നു. തങ്ങളുടെ വീട്ടിലേക്കുള്ള വഴിയില്‍ പാര്‍ട്ടിയുടെ കൊടി നാട്ടിയത് ചോദ്യം ചെയ്ത വീട്ടമ്മയെയും മകനെയും മര്‍ദ്ദിച്ചതാണ് സിപിഎം അഴിഞ്ഞാട്ടത്തിന്റെ പുതിയ തെളിവ്. കാസര്‍ഗോഡ് ബിംബുങ്കാലില്‍ നടന്ന സംഭവത്തില്‍ പഞ്ചായത്ത് അംഗം അടക്കം എട്ട് സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
വീട്ടിലേക്കുള്ള വഴിയില്‍ അനുവാദമില്ലാതെ കൊടി നാട്ടിയത് ചോദ്യം ചെയ്തതിനാണ് അമ്മയെയും മകനെയും സിപിഎമ്മുകാര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ബിംബുങ്കാലിലെ ജനാര്‍ദനന്റെ വീട്ടിലേക്കുള്ള വഴിയരികിലാണ് കഴിഞ്ഞ ദിവസം സിപിഎം കൊടി നാട്ടിയത്. തങ്ങളുടെ വഴിയില്‍ നിന്ന് കൊടിമാറ്റണമെന്ന് വീട്ടമ്മ ആവശ്യപ്പെട്ടപ്പോള്‍ പഞ്ചായത്ത് അംഗം ബിജു തായത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടമ്മയ്‌ക്കും മകനും നേരെ അതിക്രമം നടത്തുകയായിരുന്നു.
സിപിഎം അതിക്രമത്തില്‍ പരിക്കേറ്റ ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതി മകന്‍ ജെസിന്‍ എന്നിവരെ ബേഡകം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മുകാര്‍ കയ്യേറ്റം നടത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജെസിന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. കൊടിമരം സ്ഥാപിച്ചത് ചോദ്യം ചെയ്ത ചിത്രവതിയെയും ജെസിനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ഒപ്പം അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. സിപിഎമ്മുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നവരാണെന്നും ജെസിന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
















