തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിനകത്ത് നിന്നും വെടിയുണ്ട കണ്ടെത്തി. അതീവസുരക്ഷ മേഖലയിലുള്ള നാലമ്പലത്തിനകത്തെ ഭണ്ഡാരത്തില്‍ നിന്നുമാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന് ദക്ഷിണയായി കിട്ടിയ പണവും നാണയങ്ങളും തരംതിരിക്കുന്നതിനിടയിലാണ് വെടിയുണ്ട ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ വിവരം ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. 9 എംഎ പിസ്റ്റലില്‍ ഉപയോഗിക്കുന്ന തിരയാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വെടിയുണ്ട കണ്ടെത്തിയ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരത്തിനു കൊണ്ടുവരുന്ന വിലപിടിപ്പുള്ള ദ്രവ്യങ്ങള്‍ കാണാതാകുന്നത് പതിവായിരുന്നു ക്ഷേത്രത്തില്‍ തുലാഭാരത്തിനു കൊണ്ടുവന്ന എട്ടു കിലോ കശുവണ്ടിയാണ് ഒടുവില്‍ കാണാതായത്. തുലാഭാരകശുവണ്ടി കാണാതെ വന്നപ്പോള്‍ തന്നെ ദേവസ്വം അധികൃതര്‍ അന്വേഷണം തുടങ്ങി. തുടര്‍ന്നു റിപ്പോര്‍ട്ട് നല്‍കി. സി.സി.ടിവിയും പരിശോധിച്ചിരുന്നു. എട്ടു കിലോ ഭാരമുള്ള കുട്ടിക്കായിരുന്നു തുലാഭാരം. മേല്‍ത്തരം കശുവണ്ടിയാണ് തുലാഭാര കൗണ്ടറില്‍നിന്ന് കാണാതായത്. തുലാഭാരം കഴിഞ്ഞ് സ്റ്റോക്ക് ഒത്തുനോക്കുമ്പോഴാണ് കശുവണ്ടി കാണാനില്ലെന്നത് കൗണ്ടറിലെ ക്ലാര്‍ക്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
















