ന്യൂദല്‍ഹി: അയോധ്യാ പ്രശ്നത്തില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി അതിന്റെ വിധി പ്രഖ്യാപിച്ചിരിക്കുന്നു. കോടതിവിധി ആരുടെയും വിജയമോ പരാജയമോ ആയി കാണരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമഭക്തിയാവട്ടെ റഹീം ഭക്തിയാവട്ടെ രാഷ്‌ട്രഭക്തിയുടെ അന്ത:സത്ത ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം. തുടര്‍ച്ചയായുള്ള ട്വീറ്റുകളിലൂടെയാണ് പ്രധാനമന്ത്രി വിധിയോട് പ്രതികരിച്ചത്.
നിയമ പ്രക്രിയയിലൂടെ ഏത് തര്‍ക്കവും രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും നമ്മുടെ നീതി പീഠത്തിന്റെ നിഷ്പക്ഷതയും സുതാര്യതയും ദീര്‍ഘദൃഷ്ടിയും സൂപ്രീംകോടതിയുടെ അയോധ്യാവിധിയെ ശ്രദ്ധേയമാകുന്നുവെന്നും അദേഹം വ്യക്തമാക്കി. എല്ലാവരും നിയമത്തിന്റെ മുന്നില്‍ തുല്യരാണെന്നും വിധി വരച്ചുകാട്ടുന്നു. ദശാബ്ദങ്ങളായി തര്‍ക്കവിഷയമായിരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നീതിപീഠത്തിന് സാധിച്ചിരിക്കുന്നുവെന്നും വിഭിന്ന വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനുള്ള മതിയായ സമയവും അവസരവുംകോടതി നല്‍കിയിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റ് വിശദീകരിക്കുന്നു.

130 കോടി ഭാരതീയര്‍ വിധിയോടനുബന്ധിച്ച് പുലര്‍ത്തിയ ശാന്തിയും സമാധാനവും, സമാധാനപരമായ സഹവര്‍ത്തിത്തോടുള്ള ഭാരതീയരുടെ സ്വതസിദ്ധമായ പ്രതിബന്ധതയുടെ ആവിഷ്‌കാരമാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ വിധിയെന്നും അദേഹം വിശദീകരിച്ചു. ഐക്യത്തിന്റെയും ഒത്തോരുമയുടെയും ഈ ചൈതന്യം രാഷ്‌ട്രത്തിന്റെ വികസന പ്രക്രിയയെ ശക്തിപ്പെടുതട്ടെയെന്നും ഓരോ ഭാരതീയനും ശാക്തീകരിക്കപ്പെടട്ടെയെന്നും അദേഹം കുറിച്ചു.

















