കൊച്ചി: സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയുമായി മുന്നോട്ട് പോകുമെന്ന് പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീര്‍. ഒരു വര്‍ഷത്തിനകം റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് പേര്‍ ചെയ്ത തെറ്റിന് ഉദ്യോഗാര്‍ഥികള്‍ മുഴുവന്‍ കുറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് അടുത്ത കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പരീക്ഷ നടത്തിപ്പില്‍ പിഎസ്‌സിയുടെ ഭാഗത്ത് നിന്ന് തെറ്റുപറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ചോദ്യപേപ്പറുകള്‍ ചോര്‍ന്നുപോയെന്നോ പിഎസ്‌സിക്ക് തെറ്റ് സംഭവിച്ചെന്നോ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് പ്രതികള്‍ ഒഴികെയുള്ളവരെ നിയമിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യ്‌ക്തമാക്കി ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പിഎസ്സിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സിവില്‍ പോലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് കിട്ടി ഒന്നാം റാങ്കുകാരനായി. പ്രണവിന് രണ്ടാം റാങ്കും, നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലില്‍ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയില്‍ നിന്നും നീക്കി. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.
പരീക്ഷാ ക്രമക്കേട് പുറത്തുവന്നതോടെ ഈ ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെയും പിഎസ്‌സി ചെയര്‍മാനെയും കണ്ട് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയറിയിച്ചിരുന്നു. ചിലര്‍ കോടതിയേയും സമീപിച്ചിട്ടുണ്ട്.
















