കോഴിക്കോട്: യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ഋഷിരാജ് സിങ്. ഇരുവരേയും അതീവ സുരക്ഷയുള്ള വിയ്യൂരിലെ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍ സൂപ്രണ്ടിന്റെ ആവശ്യമാണ് തള്ളിയിരുക്കുന്നത്.
അലന്‍ ഷുഹൈബിനേയും താഹയേയും കോഴിക്കോടുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരേയും നിലവില്‍ വിയ്യൂരിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുന്ന ഘട്ടം ഉണ്ടായാല്‍ ബാക്കി കാര്യം അപ്പോള്‍ പരിഗണിക്കാമെന്ന് വാക്കാല്‍ ഉറപ്പും വകുപ്പ് മേധാവി ജയില്‍ സൂപ്രണ്ടിന് നല്‍കി.
അന്വേഷണ വിധേയമായി ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയില്‍ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ജയില്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുള്ളത്. അതേസമയം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് അലന്റേയും താഹയുടേയും കുടുംബം തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ചയ്‌ക്കകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം.
















