ആലപ്പുഴ: അമ്പലപ്പുഴ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലെത്തുക അമ്പലപ്പുഴ പാല്‍പ്പായസമാണ്. അല്ലാതെ ഗോപാല കഷായമല്ലെന്ന് തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് ദേവസ്വം ബോര്‍ഡ് പേര് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിദ്ധമായ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് പേരിട്ട ഈ ഭരണസമിതി ഇറങ്ങും മുന്‍പേ അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ ഉണ്ണിക്കണ്ണന്‍ വൈദ്യരെന്ന് പേരുമാറ്റി വിളിക്കാനും മടിക്കില്ലെന്നും പ്രയാര്‍ വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ബോധപൂര്‍വമായ പ്രഖ്യാപനത്തെ ഭക്തര്‍ അതിന്റേതായ ഗൗരവത്തോടെ തള്ളിക്കളയും.
ക്ഷേത്രാചാരങ്ങളുടെ പൗരാണികതയും വിശുദ്ധിയും വിശ്വാസവും ഇത്തരത്തില്‍ ചോദ്യംചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. ശബരിമല ക്ഷേത്രത്തെ ശ്രീ അയ്യപ്പക്ഷേത്രം എന്ന് പുനര്‍ നാമകരണം ചെയ്തപ്പോള്‍ അതില്‍ പ്രതിഷേധിച്ചവരാണ് ഇപ്പോള്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നത്.
















