ആദിത്യവർമ്മയുടെ പ്രചാരണപരിപാടിക്കായി തലസ്ഥാനത്തെത്തിയ നടൻ വിക്രമും മകൻ ധ്രുവ് വിക്രമും നായിക പ്രിയാ ആനന്ദും
തെന്നിന്ത്യൻ സിനിമയിൽ പുതിയ താരോദയത്തിന് അരങ്ങൊരുങ്ങുമ്പോൾ ടെൻഷൻ അടിക്കുന്നത് സിനിമയിലെ സൂപ്പർ താരം. ധ്രുവ് വിക്രം നായകനായി ഒരുങ്ങുന്ന ആദ്യത്യവർമ്മ റിലീസിങിന് ഒരുങ്ങുമ്പോൾ സിനിമയുടെ മുഴുവൻ ആശങ്കയും നിഴലിക്കുന്നത് അച്ഛൻ വിക്രമിന്റെ മുഖത്താണ്. സ്വന്തം മകൻ സ്കൂളിൽ മത്സരത്തിന് പോകുമ്പോൾ ഒരച്ഛന്റെ ആശങ്കയെന്താണോ ആകാംക്ഷ എന്താണോ അതാണ് ധ്രുവിന്റെ ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ തന്നെ കാത്തിരിക്കുന്നതെന്ന് നടൻ വിക്രം പറയുന്നു. നവംബർ എട്ടിന് റിലീസാകുന്ന ആദിത്യവർമ്മയുടെ പ്രചാരണ പരിപാടിക്ക് മകൻ ധ്രുവുമായും സിനിമയിലെ നായിക പ്രിയാ ആനന്ദുമായും എത്തിയപ്പോൾ മനസ് തുറന്നതാണ് വിക്രം.
അച്ഛനാണോ മകനാണോ ടെൻഷൻ?
ടെൻഷൻ എന്ന് പറയാനാവില്ല. എങ്കിലും ഈ നിമിഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. നല്ല എക്സൈറ്റ്‌മെന്റുണ്ട്. മകൻ സ്കൂളിൽ പ്രച്ഛനവേഷമത്സരത്തിന് പങ്കെടുക്കാൻ പോകുമ്പോൾ, അല്ലെങ്കിൽ ഒരു കായിക മത്സരത്തിന് പോകുമ്പോൾ ഒരു അച്ഛനുണ്ടാകുന്ന വികാരം അതുപോലൊരു അവസ്ഥയിലാണ് ഞാൻ. സിനിമ തുടങ്ങിയതു മുതൽ അവനൊപ്പമുണ്ട്. എന്റെ ചിത്രത്തിന്റെ തിരക്കുകൾ മാറ്റിവച്ചും അവനോടൊപ്പം നിന്നത് ഈ ആശങ്ക കൊണ്ടാണ്. ജീവിതത്തിലെ വളരെ നിർണായകമായ മുഹൂർത്തമായാണ് ഞാനിതിനെ കണക്കാക്കുന്നത്.
അർജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ റീമേക്കിങ് തെരഞ്ഞെടുത്തത് എന്തുകൊണ്ട്?
താരമൂല്യത്തിന് വേണ്ടിയല്ല ഇങ്ങനെയൊരു ചിത്രം തെരഞ്ഞെടുത്തത്. അഭിനയ സാധ്യതയുള്ള സിനിമയാണ് ആദിത്യവർമ്മ. ധ്രുവിനെ സംബന്ധിച്ചിടത്തോളം ആ സിനിമ ഒരു വെല്ലുവിളിയാണ്. ഒരു ഇരുപതു വയസുകാരൻ ചെയ്യാവുന്ന ഹെവി ക്യാരക്ടർ മനോഹരമായൊരു കഥാപാത്രമാണ്. ധ്രുവിന്റെ ഡബ്‌സ്‌മാഷുകൾ കണ്ടിട്ടാണ് നിർമാതാവ് മുകേഷ് വിളിക്കുന്നത്. കുട്ടിക്കാലം മുതൽ അവന് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. അഭിനയസാധ്യത ഉള്ളതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു ചിത്രം തെരഞ്ഞെടുത്തത്.
അച്ഛന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങൾ
സിനിമയിലൂടെ ഞാൻ കടന്നുവന്നപ്പോഴുണ്ടായ അനുഭവങ്ങൾ അവന് തീർച്ചയായും പാഠമാകും. ധ്രുവം, സൈന്യം തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചപ്പോൾ തലസ്ഥാനത്ത് എത്തിയിരുന്നു. പങ്കജ് ഹോട്ടലിന് സമീപത്തുള്ള ചെറിയ ലോഡ്ജിലായിരുന്നു അന്ന് താമസം. ആ ഓർമ്മകൾ ഇപ്പോഴും ഉള്ളിലുണ്ട്. പത്തു വർഷത്തെ കഷ്ടപ്പാടിനും പ്രയത്നത്തിനും ശേഷമാണ് സേതു എന്ന സിനിമ ഇറങ്ങുന്നത്. ഒരു തിയേറ്ററിൽ ആദ്യം ഒരു വാരം മാത്രം ഓടിയ സിനിമ പിന്നീട് ഹിറ്റായതും പിന്നെ നടന്നതുമെല്ലാം ചരിത്രം. ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ എന്റെ മകൻ അനുഭവിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. ഏതൊരച്ഛനും അങ്ങനെ തന്നെയാണ്.
വീണ്ടും മലയാള സിനിമയിൽ ?
തീർച്ചയായും. അതു സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എന്നാൽ ചില ചിത്രങ്ങളുടെ ഡേറ്റുകൾ തമ്മിൽ ക്ലാഷായതു കാരണം നീണ്ടുപോകുകയാണ്.
അച്ഛനും മകനും ഒരുമിച്ചൊരു സിനിമ?
ആഗ്രഹം ഇല്ലാതില്ല.
മകനെ വച്ച് ഒരു സിനിമ?
ഇപ്പോൾ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.
തിരുവനന്തപുരം വിമൻസ് കോളേജിലെത്തിയ നടൻ വിക്രം
ആദ്യസിനിമയുടെ അനുഭവങ്ങൾ ധ്രുവും പങ്കുവച്ചു. താരമാവാനാണോ അഭിനേതാവാകാനാണോ താത്പര്യമെന്ന ചോദ്യത്തിന് അച്ഛനെപ്പോലെ ആകണമെന്നായിരുന്നു മകന്റെ മറുപടി. ഒരേസമയം അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ ചെയ്യാനും താരമൂല്യമുള്ള സിനിമകൾ ചെയ്യാനും അച്ഛന് കഴിഞ്ഞു. അതുപോലെയാവണമെന്നത് ഒരു സ്വപ്നമാണ്. പോസിറ്റീവായാണ് സിനിമയെ കാണുന്നത്. ആദ്യം മുതൽ സിനിമയിലുടനീളം പിന്നാമ്പുറത്ത് അച്ഛനുണ്ട്. അച്ഛനില്ലെങ്കിൽ ഈയൊരു സിനിമയുണ്ടാവില്ല. ഇങ്ങനെയൊരിക്കലും സംസാരിക്കാൻ തനിക്ക് അവസരവും ഉണ്ടാവില്ല. ആദിത്യവർമയിലെ കഥാപാത്രം വെല്ലുവിളിയായി തോന്നിയിട്ടില്ല. സിനിമയെ സധൈര്യം സമീപിക്കാൻ ഓരോ നിമിഷവും അച്ഛൻ ഒപ്പമുണ്ടായിരുന്നു. കഥാപാത്രം എങ്ങനെയാവണമെന്നത് അച്ഛനെ മനസിൽക്കണ്ടാണ് ചെയ്തിരുന്നത് – ധ്രൂവ് പറഞ്ഞു.
കേരളത്തെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും ധ്രൂവിന് പറയാൻ ഏറെയുണ്ട്. അമ്മയുടെ നാടെന്ന നിലയിൽ കേരളം സന്തോഷം നൽകുന്ന സ്ഥലമാണ്. മലയാള സിനിമകൾ കാണാറുണ്ട്. കുമ്പളങി നൈറ്റ്സ് പോലെയുള്ള സിനിമകൾ ഏറെ ആകർഷിച്ചിരുന്നു. ദുൽഖർ സൽമാനാണ് ഇഷ്ടനടൻ. ദുൽഖറിന്റെ അഭിനയവും ശൈലിയും ഏറെ ഇഷ്ടമാണ്. മോഹൻലാലും മമ്മൂട്ടിയും ആരാധിക്കുന്ന നടന്മാരാണ്.
വിജയങ്ങളെ അഹങ്കാരത്തോടെ കാണരുതെന്നും പരാജയങ്ങളിൽ തളരരുതെന്നുമുള്ള അച്ഛന്റെ വാക്കുകളാണ് ഏറ്റവും വിലമതിക്കുന്നത്. സിനിമയിൽ പിടിച്ചുനിൽക്കുന്നതിന് വേണ്ടി അച്ഛനെടുത്ത കഷ്ടപ്പാടുകൾ എനിക്ക് പ്രചോദനമാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അച്ഛനാണ് മാതൃക. മലയാള സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ധ്രൂവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: