അയ്യപ്പ മുദ്രാലംകൃതമായ ശരീരത്തിലെ മനസ്സ് ഈശ്വരസങ്കല്‍പ്പത്തില്‍ ലയിച്ചു ചേരുന്നു. ഭക്തന് അറിയാതെ മാനസികമായ തപസ്യയുടെ ഭാഗമാകുന്നു. സംതൃപ്തി, സൗമ്യത, മൗനം, ആത്മസംയമനം, സ്വഭാവശുദ്ധി എന്നിവ മാനസ്സികമായ തപസ്സില്പ്പെടുന്നു. ഇന്ദ്രിയ ഭോഗങ്ങളുടെ വിരക്തിയാണ് മാനസികമായ തപസ്സ്.
ഇന്ദ്രസുഖങ്ങളില് നിന്ന് വിചാരങ്ങളെ പൂര്‍ണമായി പിന്വലിക്കുമ്പോഴേ മനസംതൃപ്തി ഉണ്ടാകുകയുള്ളു. അതിന് നവാക്ഷരീമന്ത്രം നമ്മുടെ മനസ്സിനെ പ്രാപ്തമാക്കുന്നു. അങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ ശബരിമല യാത്ര നടത്താന്‍ തീരുമാനമെടുകുന്ന വ്യക്തി സനാതന ധര്മ്മപാതയിലുള്ള ജീവിതപ്രക്രിയ അനുഷ്ഠിക്കപ്പെടുന്നു. അതോടൊപ്പം 18 പടികളെ പ്രതിനിധീകരിക്കുന്ന കാളകെട്ടിമല, ഇഞ്ചിപ്പാറമല, പുതുശ്ശേരികനകമല, കരിമല, നീലിമല, നിലയ്ക്കല്‍മല, പൊന്നമ്പലമേട്, ചുറ്റമ്പലമേട്, മൈലാടുംപാറ, തലപ്പാറമല, നിലയ്ക്കല്‍മല, ദേവന്‍മല, തീപാദംമല, ഖര്‍ഗിമല, മാദംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല ഈ 18 മലകളിലൂടെയുള്ള യാത്ര മോക്ഷപ്രദായകമത്രേ. 18 പടികള്‍ കയറുന്ന ഭക്തന് കലിയുഗത്തില്‍ കലിബാധിതനായ മനസ്സിലെ കാമ, ക്രോധ, മോഹ, ലാഭ, മത, മത്സര, ചിന്തകളെ അതിജീവിക്കാന്‍ സാധ്യമാകുന്നു.
18 പടികളില്‍ അന്തര്‍ലീനമായിരിക്കുന്ന തത്വത്തെ 1 മുതല്‍ 5 വരെ ഉള്ള പടികള്‍, നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളായ ത്വക്ക്, മൂക്ക്, നാക്ക്, ചെവി, കണ്ണ് എന്നിവയേയും 6 മുതല്‍ 10 വരെ കര്‍മ്മേന്ദ്രിയങ്ങളായ വാക്ക്, പാണി, പാദം, വായു, ഉപസ്ഥം എന്നിവയേയും 11 മുതല്‍ 15 വരെയുള്ള പടികള്‍, പഞ്ചമഹാഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയേയും ബാക്കിയുള്ള മൂന്ന് പടികള്‍ നമ്മുടെ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവ യേയും കുറിക്കുന്നു എന്ന് ആചാര്യമതം.
18 പടികളുടെ മാഹാത്മ്യം മറ്റൊരു അര്‍ത്ഥത്തിലും ചിന്തിക്കാം. 1-5 ജ്ഞാനേന്ദ്രിയങ്ങളും, 6-13 അഷ്ടരാഗങ്ങളേയും, 14-16 ത്രിഗുണങ്ങളേയും ബാക്കിയുള്ള 2 പടികള്‍, വിദ്യ അവിദ്യ എന്നിവയേയും പ്രതിനിധാനം ചെയ്യുന്നതായും ഒരു വിവക്ഷയുണ്ട്. അതുപോലെ നമ്മുടെ അടിസ്ഥാനഗ്രന്ഥങ്ങളായ ഋഗ്വേദം, യജുര്‍വേദം, സാമവേദം. അഥര്‍വവേദം എന്നീ 4 വേദങ്ങളും അതിന്റെ ഉപവേദങ്ങളായ ആയുര്‍വേദം, ധനുര്‍വേദം, ഗന്ധര്‍വവേദം, സ്ഥാപത്ഥ്യവേദം എന്നിവയും ശിക്ഷകല്പ്പം, നിരുക്തം, ഛന്ദസ് ജ്യോതിഷം, വ്യാകരണം എന്നീ വേദാംഗങ്ങളായ ശാസ്ത്രങ്ങളേയും, ന്യായം മീമാംസ ധര്‍മശാസ്ത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍ എന്നി 4 ഉപാംഗങ്ങളേയും പ്രതിനിധീകരിക്കുന്നു എന്നും അര്‍ഥമാക്കുന്നുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ അയ്യപ്പധര്മ്മാനുഷ്ഠാ നങ്ങള്‍ സനാതനധര്‍മ്മ അനുഷ്ഠാനങ്ങളിലേക്കുള്ള കര്മപദ്ധതിയാണെന്ന് മനസ്സിലാക്കാം. അതുപോലെ ഈ അനുഷ്ഠാനങ്ങളിലൂടെ ജന്മപാപങ്ങള്‍ ഇല്ലാതാക്കി മോക്ഷമാര്‍ഗത്തിലേക്ക് നയിക്കുന്ന ജ്ഞാനമാര്‍ഗം, യോഗമാര്‍ഗം, ഭക്തിമാര്‍ഗം, കര്‍മമാര്‍ഗം എന്നീ യോഗസാധനകളെ പ്രായോഗികജീവിതത്തില്‍ പ്രാവൃത്തികമാക്കി നിത്യജീവിതത്തെ ധന്യമാക്കാനും സാധിക്കുമെന്ന് ഗുരുസ്വാമിമാരുടെ അനുഭവജ്ഞാനത്തില്‍ നിന്നും അവര്‍ നമുക്ക് പറഞ്ഞു തരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: