കോയമ്പത്തൂര്‍ : സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായര്‍ക്ക് തടവ് ശിക്ഷ. സോളാര്‍ തട്ടിപ്പ് കേസില്‍ കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സരിതാ നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ സരിതയ്‌ക്കും മൂന്നാം പ്രതിയായ രവിയ്‌ക്കും മൂന്ന് വര്‍ഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിധി.
കേരളത്തെ പിടിച്ചുലച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. ഇതിനു പിന്നാലെ പുറത്ത് വന്നത് അഴിമതിയുടേയും തട്ടിപ്പിന്റേയും കഥകളായിരുന്നു.
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് രാഷ്‌ട്രീയ മുഖം വന്നിരുന്നു. സോളാര്‍ കേസില്‍ ആദ്യമായാണ് കേരളത്തിന് പുറത്തുനിന്നുള്ള ഒരു കോടതി സരിതയെ ശിക്ഷിക്കുന്നത്.
















