പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ പുതിയ ബുക്കിങ് സംവിധാനം ഭക്തരില്‍ ആശങ്കയും അവ്യക്തതയും സൃഷ്ടിക്കുന്നു. 2011 മുതലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം മാറ്റിമറിച്ച് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കുകയാണിതിന്റെ ലക്ഷ്യമെന്നാണ് ആശങ്ക.
സാധാരണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ എത്തുന്ന ഭക്തരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തലിലെത്തിച്ചാണ് പോലീസ് ദര്‍ശന സൗകര്യം ഒരുക്കിയിരുന്നത്. ഇത്തവണ വെര്‍ച്വല്‍ ക്യൂവിനു പുറമെ നോര്‍മല്‍ ക്യൂ അഥവാ സ്വാമി ക്യൂ ബുക്കിങ് എന്നൊരു സംവിധാനം കൂടി ഉള്‍പ്പെടുത്തി. ഈ വിഭാഗത്തില്‍ മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലിലെത്തുന്ന പരമ്പതാഗത പാതയിലൂടെയാണ് തീര്‍ഥാടനം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള രണ്ട് വഴികളും ബുക്കിങ്ങിലൂടെ പോലീസ് നിയന്ത്രിക്കുമ്പോള്‍ അതില്ലാത്ത ഭക്തര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകുമോയെന്നതില്‍ അവ്യക്തതയുണ്ട്.
ബുക്കിങ് സംവിധാനത്തിലൂടെ ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സുഖദര്‍ശനം ഒരുക്കുക പോലീസിന്റെ ബാധ്യതയാണ്. അങ്ങനെ വരുമ്പോള്‍ ഈ സംവിധാനത്തിലൂടെ ആക്ടിവിസ്റ്റുകളടക്കമുള്ള യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അവരെ സസിധാനത്ത് എത്തിക്കാന്‍ പോലീസും സര്‍ക്കാരും തയാറാകുമെന്ന ആശങ്കയും ഭക്തര്‍ ഉയര്‍ത്തുന്നു. നിയമവിധേയമായി യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും സംശയമുണ്ട്. ഈ സംവിധാനത്തിലൂടെ യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ഭാവിയിലെ നിയമപോരാട്ടങ്ങളില്‍ സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്നതിന് ഇലക്‌ട്രോണിക് തെളിവും ഹാജരാക്കാം.
പുതിയ സംവിധാനം സന്നിധാനത്തെ തീര്‍ത്ഥാടകരുടെ തിരക്ക് കുറയ്‌ക്കാനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മണ്ഡല മകരവിളക്ക് കാലത്തെ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയാല്‍ നട തുറക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടി വരും. ഇതിലൂടെ വര്‍ഷം മുഴുവന്‍ ശബരിമല നട തുറക്കണമെന്ന ആവശ്യമുയര്‍ത്തി സാധാരണ ക്ഷേത്രങ്ങള്‍ക്കു സമാനമായി ശബരിമലയെയും മാറ്റാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ആണ് ഈ സംവിധാനം നടപ്പാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേരള പോലീസും ഈ സംരംഭത്തില്‍ പങ്കാളികളാണ് എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാല്‍, കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്തേതു പോലെ ബോര്‍ഡിനെ നോക്കുകുത്തിയാക്കി ശബരിമല പോലീസ് ഭരണത്തിലാക്കാനുള്ള ആസൂത്രിതശ്രമമാണെന്ന സംശയവും ഭക്തര്‍ ഉയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: