മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് തന്നെ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ആഗസ്തിനെ അപേക്ഷിച്ച് സെപ്തംബറിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 12,334 ആയാണ് കുറഞ്ഞത്. അന്താരാഷ്‌ട്ര യാത്രക്കാരുടെ എണ്ണത്തില്‍ 7,557 എന്നിങ്ങനെയും കുറവുണ്ടായിട്ടുണ്ട്. ജനുവരിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും പിന്നീട് ആ വളര്‍ച്ചയുണ്ടായില്ല.
ഇന്‍ഡിഗോ കുവൈത്ത് സര്‍വീസ് നിര്‍ത്തിയതും, ദോഹ സര്‍വീസ് ഒരു മാസത്തേക്കു താത്കാലികമായി നിര്‍ത്തിയതും യാത്രക്കാരുടെ എണ്ണം ഇടിയാന്‍ കാരണമായിട്ടുണ്ട്. ഇതുകൂടാതെ ആഭ്യന്തര സര്‍വീസിലും കുറവുണ്ട്. 796 ആഭ്യന്തര സര്‍വീസുകളാണു കഴിഞ്ഞ മാസം ഉണ്ടായത്. തണുപ്പുകാലത്തോടനുബന്ധിച്ച് ഗോ എയര്‍ മുബൈയിലേക്കുണ്ടായിരുന്ന അധിക സര്‍വീസ് അവസാനിപ്പിച്ചതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞേക്കും.
ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള അധിക സര്‍വീസും ഗോ എയര്‍ നിര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്‍ഡിഗോയുടെ തിരുവനന്തപുരത്തേക്കുള്ള അധിക സര്‍വീസിലും, ഗോ എയര്‍ അടുത്ത മാസം ആരംഭിക്കുന്ന ദമാം സര്‍വീസിലുമാണ് ഇനി കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രതീക്ഷ.
















