പാലക്കാട്: അട്ടപാടിയിലെ മഞ്ചിക്കണ്ടിയിൽ നടന്ന ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് എസ്.പി ശിവ വിക്രം. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെ അല്ലെന്നും മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അവരുടെ കയ്യിലുണ്ടായിരുന്നതെന്നും എസ്‌പി പറഞ്ഞു.
കീഴടങ്ങാനാണെങ്കില്‍ എന്തിനാണ് ഇത്രയും ആയുധങ്ങള്‍ കയ്യില്‍ സൂക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടത്താന്‍ തയാറെടുക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മണിവാസകം എകെ 47 ഉപയോഗിച്ച് വെടിവക്കുകയായിരുന്നുവെന്നും എസ്.പി പറഞ്ഞു. ഏഴംഗ മാവോയിസ്റ്റ് സംഘം ക്യാംപുചെയ്ത സ്ഥലത്തുനിന്നും മാനിറച്ചി സൂപ്പ്, കറി, വെളളത്തില്‍ സൂക്ഷിച്ച 20 കിലോയോളം വരുന്ന മാനിറച്ചി, കെട്ടിതൂക്കിയ നിലയിൽ മാന്‍തോലും സേന കണ്ടെത്തി.
കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതല്ലെന്നും വ്യാജ ഏറ്റുമുട്ടലാണോയെന്ന് അറിയാന്‍ പോലിസ് സംഘത്തിന് ഒപ്പമുണ്ടായിരുന്ന സാക്ഷികളോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഏറ്റുമുട്ടല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു എകെ 47 തോക്ക്, മൂന്ന് 303 തോക്ക്, രണ്ട് നാടന്‍ തോക്ക്, ഒരു താവഞ്ചര്‍ തുടങ്ങിയ ആയുധങ്ങള്‍ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ലാപ് ടോപ്, മെമ്മറികാര്‍ഡ്, മൊബൈല്‍ഫോണുകളും കിട്ടിയിട്ടുണ്ട്. അരിവാള്‍ചുറ്റികയ്‌ക്കുമേല്‍ തോക്കുപതിച്ച ചിഹ്നമുള്ള കൊടിയും സ്ഥലത്തുണ്ടായിരുന്നുവെന്ന് അദേഹം പറഞ്ഞു.
















