കൊച്ചി: ഭാര്യ ഫേസ്ബുക്കില്‍ എഴുതി പുലിവാലു പിടിച്ചതിനു പിന്നാലേ ഭര്‍ത്താവായ എംപിയും വിവാദത്തില്‍. എറണാകുളം എംപി ഹൈബി ഈഡന്റെ പരസ്യമായ മേയര്‍ വിമര്‍ശനം പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരിഹാസമായി മാറി.
ഹൈബി ഈഡന്‍ എംഎല്‍എ ആയിരിക്കേ തന്നെ കൊച്ചി മേയര്‍ സൗമിനി ജെയിനുമായുള്ള വഴക്കും ശത്രുതയും അങ്ങാടിപ്പാട്ടാണ്. മേയറെ മാറ്റാന്‍ ഹൈബി പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മേയറെ മാറ്റില്ലെന്ന് പ്രഖ്യാപിച്ചു. അതിനിടെ ഇന്ന് ഇക്കാര്യത്തില്‍ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം നടക്കാനിരിക്കെയാണ് ഹൈബിയുടെ ഫേസ്ബുക് പോസ്റ്റ്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ എംപിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

മേയര്‍ എസ്എഫ്‌ഐക്കാരിയായിരുന്നു, ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയായിട്ടും കോണ്‍ഗ്രസ് സംസ്‌കാരം പഠിച്ചിട്ടില്ല, തുടങ്ങിയ വിമര്‍ശനങ്ങളാണ് പോസ്റ്റില്‍. മേയര്‍ സൗമിനി ജയിന്റെ പേര് പറയാതെയാണ് എഴുത്ത്. അതേസമയം എംപി എന്ന നിലയിലുള്ള പക്വത കാണിക്കാത്തതാണ് എഫ് ബിപോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്എഫ്‌ഐക്കാരിയെ മേയറാക്കിയ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെയുള്ള വിമര്‍ശനവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് അടുത്തിടെ ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ എഫ്ബിയില്‍ കുറിച്ച വരികളും വിവാദമായിരുന്നു. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ ഇട്ടത്.
സമൂഹ മാധ്യമങ്ങളില്‍ നിന്നും ഉള്‍പ്പടെ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ക്ഷമാപണം നടത്തുകയും അന്ന ലിന്‍ഡ പോസ്റ്റ് പിന്‍വലിക്കുകയുമായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ തലത്തില്‍ ഇതിന്മേലുള്ള ചര്‍ച്ച കെട്ടടങ്ങിയിട്ടില്ല അതിനിടെയാണ് ഹൈബിയും വിവാദ പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.
















