കോഴിക്കോട്: വാളയാര്‍ പീഡനകേസ് അട്ടിമറിച്ച ഇടതു സര്‍ക്കാറിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിൽ പോലീസ് അതിക്രമം. പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാതെ പോലീസ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഉടുതുണി അഴിച്ച് മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ച് നീക്കി.
പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രകാശ്ബാബു ഉള്‍പ്പെടെയുള്ളവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ സംസാരിക്കാന്‍ പോലും അനുവദിക്കാതെ പോലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബുവിനെ മര്‍ദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്. മാര്‍ച്ചിന് മുന്നെ സ്ഥലത്ത് പോലീസ് ഒരുക്കിയത് യുദ്ധസമാന സന്നാഹങ്ങളായിരുന്നു.
മണിക്കൂറുകള്‍ക്ക് മുന്നെ റോഡ് ബ്ലോക്ക് ചെയ്തു. നൂറോളം വരുന്ന യുവമോര്‍ച്ചക്കാരെ നേരിടാന്‍ ഉണ്ടായത് 500 ഓളം വരുന്ന പോലീസുകാരായിരുന്നു. ജലപീരങ്കിയും ടിയര്‍ ഗ്യാസുമുള്‍പ്പെടയുള്ള സന്നാഹങ്ങളും പോലീസ് തയ്യാറാക്കിയിരുന്നു. സംസ്ഥാന സെക്രട്ടി ടി. റെനീഷ്, സംസ്ഥാന സമിതി അംഗങ്ങളായ ബബീഷ് ഉണ്ണികുളം, സിനൂപ് രാജ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ. സാലു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നേതാക്കള്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
















