ആലപ്പുഴ: ഇ-ടെന്‍ഡര്‍ വിളിക്കാതെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ലക്ഷങ്ങളുടെ പ്രവര്‍ത്തിക്ക് കരാര്‍ നല്‍കിയത് വിവാദമാകുന്നു. ആശുപത്രി അധികൃതരുടേത് നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപം. അഞ്ചു ലക്ഷത്തിന് മേല്‍ തുകയ്‌ക്കുള്ള കരാറുകള്‍ ഇ-ടെന്‍ഡര്‍ വിളിച്ചു മാത്രമേ നല്‍കാവു എന്ന് ചട്ടമുള്ളപ്പോഴാണ് 15.74 ലക്ഷത്തിന്റെ അടങ്കല്‍ തുകയ്‌ക്കുള്ള കരാര്‍ ചട്ടം പാലിക്കാതെ നല്‍കിയത്.
ആശുപത്രിയോട് ചേര്‍ന്നുള്ള പഴയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഒപി കൗണ്ടര്‍, ഫാര്‍മസി, കാര്‍ഷെഡ്, സെല്‍ വാര്‍ഡ് എന്നിവ പൊളിച്ചു മാറ്റുന്നതിനുള്ള കരാറാണ് നിയമവിരുദ്ധമായി നല്‍കിയത്. 15.74 ലക്ഷത്തിന്റെ അടങ്കല്‍ തുകയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അമ്പലപ്പുഴ കാക്കാഴം സ്വദേശി 21.88 ലക്ഷം രൂപയ്‌ക്കാണ് കരാര്‍ എടുത്തത്.
പൊളിച്ചു വില്‍ക്കുന്നതിലൂടെ കോടികള്‍ ലഭിക്കാവുന്ന കെട്ടിടങ്ങളാണ് അധികൃതരുടെ ഒത്താശയോടെ ഇ-ടെന്‍ഡര്‍ വിളിക്കാതെ ഒത്തുകളിച്ച് കാക്കാഴം സ്വദേശിക്ക് നല്‍കിയതെന്നാണ് ആക്ഷേപം. സര്‍ക്കാരിന് ലഭിക്കേണ്ട വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്നും ആരോപണം ഉയരുന്നു.
എന്നാല്‍ പിഡബഌൂഡിയുടെ അനുമതിയോടെയാണ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള കരാര്‍ ഇ-ടെന്‍ഡര്‍ ഇല്ലാതെ നല്‍കിയതെന്ന് ആശുപത്രി ലേ സെക്രട്ടറി ടി. സി. ഗീതമ്മ പറഞ്ഞു. ആശുപത്രിയില്‍ 115 കോടി മുടക്കി വലിയ പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ പഴയ കെട്ടിടം വേഗം പൊളിച്ചുമാറ്റണമായിരുന്നു. അതിനാലാണ് നടപടി ക്രമങ്ങള്‍ പൂര്‍ണമായി പാലിക്കാതെ കരാര്‍ നല്‍കിയത്.
സര്‍ക്കാരിന് ലാഭമാണ് ലഭിച്ചത്. 15.74 ലക്ഷം അടക്കല്‍ തുക നിശ്ചയിച്ച പ്രവര്‍ത്തിക്ക് 22.88 ലക്ഷം തുക ലഭിച്ചതിലൂടെ ഏഴ് ലക്ഷത്തിലേറെ രൂപ അധികമായി സര്‍ക്കാരിന് ലഭിച്ചെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇ-ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ തുകയ്‌ക്ക് മറ്റാരെങ്കിലും കരാര്‍ എടുക്കുമായിരുന്നല്ലോ എന്ന ചോദ്യത്തിന് ഉത്തരമില്ല. ആശുപത്രിയില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
















