ന്യൂയോര്‍ക്ക്: പാകിസ്താനിലെ അബോട്ടാബാദില്‍ 2011 മേയ് രണ്ടിന് യു.എസ്. നേവി സീല്‍ കമാന്‍ഡോകള്‍ അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിനു സമാനമായ ദൗത്യമാണ് ഐഎസ് തലവനെ വധിക്കാനും അമേരിക്ക സ്വീകരിച്ചത്. കൃത്യമായ ആസൂത്രണത്തിലൂടെയുള്ള അന്തിമയുദ്ധമാണ് ശനിയാഴ്ച രാത്രി വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയില്‍ യു.എസ്. സ്പെഷ്യല്‍ കമാന്‍ഡോ സംഘം നടപ്പാക്കിയത്.
ബാരിഷാ ഗ്രാമത്തിലെ വസതിയിലേക്കു കെ9 വേട്ടപ്പട്ടികള്‍ക്കൊപ്പം യു.എസ്. കമാന്‍ഡോകള്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങി. എതിര്‍ത്തവരെ വെടിവച്ചുവീഴ്ത്തി. നിലവിളിച്ച്, മൂന്നു മക്കളുമായി ഭൂഗര്‍ഭ തുരങ്കത്തിലേക്ക് ഓടിക്കയറിയ അല്‍ ബാഗ്ദാദിയെ കെ9 യൂണിറ്റിലെ നായ്ക്കള്‍ പിന്തുടര്ന്നു. വഴിമുട്ടിയതോടെ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു. മൂന്നു മക്കളും ഛിന്നഭിന്നമായി. തങ്ങള്‍ക്ക് നഷ്ടമായത് ഒരു കെ9 വേട്ടപ്പട്ടിയെ മാത്രമാണെന്നാണ് യുഎസ് പറയുന്നത്.
ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരും നിരവധി അനുചരരും ഭീകരരും കൊല്ലപ്പെട്ടെന്നാണു ട്രംപിന്റെ പ്രഖ്യാപനം. ഭാര്യമാര്‍ ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ കെട്ടിവച്ചിരുന്നെങ്കിലും പൊട്ടിത്തെറിച്ചില്ല. വെടിയേറ്റാണു മരിച്ചത്. ബാഗ്ദാദിയുടെ 11 മക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. വളരെ അപകടകരമായ ദൗത്യമാണു കമാന്‍ഡോകള്‍ പൂര്‍ത്തിയാക്കിയതെന്നും ഒരു നായയെപ്പോലെ, ഒരു ഭീരുവിനെപ്പോലെയായിരുന്നു ബാഗ്ദാദിയുടെ അന്ത്യമെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.രണ്ടു കമാന്‍ഡോകള്‍ക്കു നിസാര പരുക്കുണ്ടെന്നു യു.എസ്. പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് പറഞ്ഞു. ഏതാനും ആഴ്ചയായി ബാഗ്ദാദി നിരീക്ഷണത്തിലായിരുന്നു. കീഴടങ്ങാന്‍ കമാന്‍ഡോകള്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ സ്വയം പൊട്ടിത്തെറിച്ചു. പിടികൂടാനായില്ലെങ്കില്‍ വധിക്കാനായിരുന്നു തീരുമാനമെന്നും എസ്പര് പറഞ്ഞു.
അതിവേഗം പറന്നെത്തിയ ഹെലികോപ്റ്ററുകളാണ് ആദ്യം വെടിവയ്പ്പ് തുടങ്ങിയത്. ഹെലികോപ്റ്ററുകളില്‍നിന്ന് ഏകദേശം അരമണിക്കൂര്‍ വെടിവയ്പ്പ് തുടര്‍ന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ നിലത്തിറങ്ങി.രണ്ട് വീടുകളാണ് അവര്‍ ലക്ഷ്യമിട്ടത്. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. എതിര് ഗ്രൂപ്പുകാര്‍ സംരക്ഷണം നല്‍കുന്നുണ്ടെന്നു രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബാഗ്ദാദിയുടെ സാന്നിധ്യം ഉറപ്പാക്കി. തുടര്‍ന്നാണു കമാന്‍ഡോ ഓപ്പറേഷന് ആസൂത്രണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: