കൊച്ചി: ചെറുവള്ളി എസ്‌റ്റേറ്റ് വിലയ്‌ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി മലയാള മനോരമയും. പദ്ധതി സംസ്ഥാനത്തിന്റെയും പത്തനംതിട്ടയുടേയും ശബരിമലയുടേയും വികസനത്തിന് കാരണമാകുമെന്ന വാദം നിരത്തിയാണ് പിന്തുണ. റബ്ബര്‍ അധിഷ്ഠിത വ്യവസായം നടത്തുകയും റബ്ബറിനു വേണ്ടി വാദിക്കുകയും ചെയ്യുന്ന വ്യവസായ ഗ്രൂപ്പാണ് സ്വന്തം മാധ്യമത്തിലൂടെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ചെറുവള്ളി എസ്‌റ്റേറ്റില്‍ റബ്ബര്‍ വെട്ടി കൈതച്ചക്കക്കൃഷി ചെയ്തതിനെ സ്ഥാപനം പ്രശംസിക്കുകയും അതുകൊണ്ടുതന്നെ തോട്ടം വിമാനത്താവളമാക്കുന്നതിന് തടസ്സമില്ലെന്നും ന്യായീകരിക്കുന്നു.
വിമാനത്താവളം വരുന്നതിന്റെ നേട്ടം ശബരിമലയ്‌ക്കും തീര്‍ഥാടകര്‍ക്കുമാണെന്ന് പരിസ്ഥിതി ലേഖകന്‍ വിവരിക്കുന്നു. ഇതിനുള്ള ശാസ്ത്രീയ സാങ്കേതിക വശങ്ങള്‍ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, സ്വന്തം എസ്‌റ്റേറ്റ് വിലകൊടുത്ത് സര്‍ക്കാര്‍ വാങ്ങുന്നതിലെ പൊരുത്തക്കേടിനെക്കുറിച്ച് മിണ്ടുന്നില്ല.
ചെറുവള്ളി എസ്‌റ്റേറ്റ് വിവാദഭൂമിയാണെന്ന കാര്യമോ, ഹാരിസണ്‍ മലയാളം പ്ലാന്റേഷനുമായുള്ള അവരുടെ ഇടപാട് കോടതികയറിയ കാര്യമോ പിന്തുണ പ്രചാരണ ലേഖനത്തിലില്ല. എസ്‌റ്റേറ്റ് കൈയേറിയ കേസില്‍ കോടതി വിധി എതിരായി വന്നിട്ടുള്ള സ്ഥാപനമാണെങ്കിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ല. ക്രിസ്തീയ സഭയായ ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നടത്തിപ്പുകാരാണ് വിമാനത്താവള നിര്‍മാണത്തിന് പിന്നില്‍. ശബരിമലയിലേക്ക് തീര്‍ഥാടകര്‍ക്ക് യാത്രാസൗകര്യമൊരുക്കാനുള്ള റെയില്‍പാളത്തിന്റെ ഗതിമാറ്റാനും പദ്ധതി തടയാനുംതന്നെ മുന്നിട്ടുനിന്നവരാണ് വിമാനത്താവളത്തെ പിന്തുണയ്‌ക്കുന്നവരെന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരായ ജനകോടികളാണ് ശബരിമലയില്‍ വരുന്നത്. അവര്‍ക്ക് വേണ്ടത് ട്രെയിന്‍ സൗകര്യമാണ്. കോടാനുകോടി ഭക്തര്‍ക്ക് ഉപകാരമാകേണ്ട ശബരിപാത പല പ്രമുഖരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. അത്തരം അട്ടിമറിക്കാരാണ് വിമാനത്താവളത്തിനു വേണ്ടി വാദിക്കുന്നത്.
















