പെരുമ്പാവൂര്‍: അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചെന്ന കേസില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോടതിയുടെ സമന്‍സ്. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എറണാകുളം സ്വദേശി പി.പി. പൗലോസ് നല്‍കിയ കേസിലാണ് സമന്‍സ്. എന്നാല്‍, ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്ന് വനം വകുപ്പ് പറയുന്നു.
മോഹന്‍ലാല്‍, ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍.എസ്. ഗേറ്റില്‍ നയനം വീട്ടില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്‌ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് ഡിസംബര്‍ ആറിനു ഹാജരാകേണ്ടത്. വ്യക്തമായ രേഖകളില്ലതെ ആനക്കൊമ്പ് സൂക്ഷിച്ചതിനാണ് 2012ല്‍ വനം വകുപ്പ് മോഹന്‍ലാലിനെ പ്രതിയാക്കി കേസെടുത്തത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായപ്പോള്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിന്‍വലിക്കുകയായിരുന്നു.
ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ പരിശോധനയ്‌ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകള്‍ അക്കാലത്ത് വനംവകുപ്പു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുന്‍കയെടുത്ത് മടക്കി നല്‍കുകയും ചെയ്തു. ലാലിന് കൊമ്പ് സൂക്ഷിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതി നല്‍കുകയും ചെയ്തു. പ്രതിപ്പട്ടികയില്‍ പേരുചേര്‍ത്തിട്ടുള്ള കൃഷ്ണകുമാറിന്റെ ആനയായ കൃഷ്ണന്‍കുട്ടി ചരിഞ്ഞത്തിനെ തുടര്‍ന്ന് ആ കൊമ്പ് ലാലിനു നല്‍കിയതാണെന്നും കൊമ്പുകള്‍ കാട്ടാനയുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിശദീകരണം.
















