തിരുവനന്തപുരം: രാഷ്‌ട്രപതിയെ കാണാന്‍ ഒരുങ്ങുകയാണ് പോത്തന്‍കോട് കൊച്ചാലുംമൂട് പ്ലാവിളവിള ആര്‍.ആര്‍. മന്‍സിലില്‍ ഇരട്ട സഹോദരികളായ റാഹത്തും റഹ്മത്തും. മുഹമ്മദ് യൂസഫ് ഇല്യാസ്-റാഹില ദമ്പതികളുടെ മക്കളായ ഇവര്‍ നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റിസ് വിദ്യാര്‍ഥികളാണ്. ഏഴ് ദിവസത്തെ ദല്‍ഹി യാത്രയ്‌ക്കാണ് ഇരുവരും തയാറെടുക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കി വരുന്ന ‘പാസ് വേഡ്’ വ്യക്തിത്വ വികസ കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാലയുടെ മൂന്നാം ഘട്ടമായ എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയിലൂടെയാണ് ഇരുവര്‍ക്കും ഈ അവസരം ലഭിച്ചത്. നവംബര്‍ ആദ്യവാരമാണ് യാത്ര. ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ രാഷ്‌ട്രപതിഭവനില്‍ രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്ച, ഇന്ത്യന്‍ പാര്‍ലമെന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനവും നടത്തും.
പഠനമികവ് തെളിയിച്ചിട്ടുള്ള ഈ മിടുക്കികളുടെ പുതിയ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ് നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും. അനുമോദനങ്ങളുമായി പ്രദേശവാസികളും രാഷ്‌ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും ഇരുവരെയും കാണാന്‍ വീട്ടിലെത്തിയിരുന്നു. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് ബിജെപി അംഗങ്ങള്‍ റാഹത്തിനും റഹ്മത്തിനും അനുമോദനവുമായി വീട്ടിലെത്തി.
ബിജെപി ജില്ലാ സെക്രട്ടറിയും പഞ്ചായത്തംഗവുമായ എം. ബാലമുരളി, ആശ, മണ്ണറ പ്രമോദ്, ഉഷാകുമാരി, ഗിരിജ കുമാരി എന്നിവര്‍ ചേര്‍ന്നു ഇരുവരെയും പൊന്നാട അണിയിച്ച് അനുമോദിച്ചു.
















