ചെറുപുഴ: കമ്പല്ലൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതും ക്ഷേത്ര സ്വത്തുക്കള്‍ സ്വകാര്യതാല്‍പ്പര്യങ്ങള്‍ക്കപയോഗിക്കുന്നതും തുടര്‍ക്കഥയാവുന്നു. മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ ബോര്‍ഡിന്റെ അറിവോടു കൂടി നടത്തിയ ആചാരലംഘനം ഭക്തജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ബോര്‍ഡ് പിന്മാറിയിരുന്നു.
സമാനമായ രീതിയില്‍ കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നിലവിലുണ്ടായിരുന്ന പുരുഷ ജീവനക്കാര്‍ക്ക് പകരമായി സ്ത്രീ ജീവനക്കാരെ നിയമിക്കാനുളള ദേവസ്വം ബോര്‍ഡ് നീക്കത്തിനെതിരെ വിശ്വാസികളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദേവസ്വം ഭൂമിയിലെ തേക്ക് മരം ഭരണസമിതിയംഗം തന്നെ മുറിച്ചുമാറ്റിയത് വിവാദമായിരുന്നു.
വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന തീരുമാനങ്ങളില്‍ നിന്ന് ദേവസ്വം ബോര്‍ഡും ബന്ധപ്പെട്ടവരും പിന്മാറണമെന്നും അല്ലാത്തപക്ഷം ഭക്തജന കൂട്ടായ്‌മ ഇതിനെതിരെ പ്രതിഷേധം ആരംഭിക്കുമെന്നും കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് .ഇ. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. വി. രാജന്‍, അഹല്ല്യ ടീച്ചര്‍, എച്ച്.എസ്. ഭട്ട്, രാമദാസ് വാഴുന്നോര്‍, പി.വി. കൃഷ്ണന്‍, രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















