കൊച്ചി: ഏകദേശം നാല്പതിനായിരത്തോളം മഞ്ഞപ്പട ആരാധകരെ ആവേശത്തിലാറാടിച്ച ഐഎസ്എല്‍ ആറാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് മിന്നുന്ന ജയത്തുടക്കം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുത്തത്. ബ്ലാസ്റ്റേഴ്സിനായി നായകന് ഒഗ്ബെച്ചെയാണ് രണ്ട് ഗോളുകളും നേടിയത്. 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 45-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെയും. ആറാം മിനിറ്റില്‍ കാള്‍ മക്ഹ്യൂഗിലൂടെയാണ് എടികെ മുന്നിലെത്തിയത്.
രണ്ട് ടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ ബിലാല്‍ ഖാന് ഗോള്‍വലക്ക് മുന്നില്‍ ഇടം പിടിച്ചപ്പോള്‍ എടികെയ്ക്കുവേണ്ടി ഇറങ്ങിയത് അരിന്ദം ഭട്ടാചാര്യ. പ്രതിരോധത്തില്‍ മുഹമ്മദ് റാകിപ്, ജെയ്റോ റോഡ്രിഗസ്, സുവര്‍ലോണ്‍, ജെസ്സെലോ കെനയ്റോ എന്നിവരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ജീക്ക്സണ് സിങ്ങും മുഹമ്മദ് ജിങ്ങും ഇടം പിടിച്ചു. മധ്യനിരയില്‍ വലതുവിംഗില്‍ മലയാളി താരം കെ. പ്രശാന്ത്, സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍മാരായി സെര്‍ജിയോ സിഡോഞ്ച, വലതുവിംഗില്‍ ഹാളിചരണ്‍ നര്‍സാരി എന്നിവരും എത്തിയപ്പോള്‍ സ്ട്രൈക്കറായി ക്യാപ്റ്റന്‍ ബര്‍ത്തലോമേവ് ഒഗ്ബെച്ചയെ തന്നെ ബ്ലാസ്റ്റേഴ്സ് കോച്ച് ഷെട്ടോരി ഇറക്കി.
എടികെ ഇന്ത്യന്‍ വംശജന് റോയ് കൃഷ്ണയെ സ്ട്രൈക്കറാക്കിയും ഓസീസ് താരം ഡേവിഡ് വില്ല്യംസിനെ വിംഗറാക്കിയുമാണ് കളത്തിലെത്തിയത്. ഡേവിഡിനൊപ്പം മധ്യനിര ഭരിക്കാന്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിനെയും മൈക്കല്‍ സൂസൈരാജിനെയും അന്റോണിയോ ലോപ്പസ് ഹെബാസ് നിയമിച്ചു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി പ്രണോയ് ഹാല്‍ഡറും ജയേഷ് റാണയും എത്തിയപ്പോള്‍ പ്രതിരോധത്തില്‍ പ്രബീര്‍ ദാസ്, കാള്‍ മക്ഹ്യൂഗ്, അഗസ്റ്റിന് ഇനിഗ്വസ്, പ്രീതം കോട്ടല്‍ എന്നിവരും എത്തി.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മുന്നേറ്റമായിരുന്നു. ആദ്യ മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് എതിര് ബോക്സിലേക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഇടതുവിങ്ങില്‍ ഹാളിചരണ്‍ നര്‍സാരിയായിരുന്നു മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് എടികെ മുന്നിലെത്തി. ജയേഷ് റാണ എടുത്ത ഫ്രീകിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഗസ്റ്റിന് ഗാര്‍ഷ്യ തലകൊണ്ട് കാള്‍ ജെറാര്‍ഡ് മക്ഹ്യൂഗിന് മറിച്ചുകൊടുത്തു. ഗാര്‍ഷ്യയുടെ പാസ് നിലം തൊടുംമുന്‍പേ മക്ഹ്യൂഗ് തകര്‍പ്പന്‍’വോളിയിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ മുഴുനീളെ ഡൈവ് ചെയ്ത ബ്ലാസ്റ്റേഴ്സ് ഗോളിയെയും മറികടന്ന് പന്ത് വലയില്‍ വിശ്രമിച്ചു.
ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ 30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ കണ്ടെത്തി. കനെയ്റോ എടുത്ത കോര്‍ണര്‍കിക്ക് ഒഗ്ബച്ചെ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും എടികെ പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്തു. പന്ത് കിട്ടിയത് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജെയ്റോയ്്ക്ക്. എന്നാല്‍ ജെയ്റോ ഷോട്ട് ഉതിര്‍ക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് പ്രണോയ് ഹാല്‍ഡര്‍ പിന്നില്‍ നിന്ന് പിടിച്ചുവലിച്ചിട്ടു. ഇതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുക്കാന്‍ എത്തിയത് ബ്ലാസ്റ്റേഴ്സ് നായകന് ഒഗ്ബെച്ചെ. ഒഗ്ബെച്ചെയുടെ കിക്ക് എടികെ ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലെത്തി (1-1).
സമനില കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ കനപ്പിച്ചു. ഇടതുവിങ്ങില്‍ ഹാളിചരണ്‍ നര്‍സാരിയും വലതുപാര്‍ശ്വത്തില്‍ കെ. പ്രശാന്തും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് ഒഗ്ബെച്ചെയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. പ്രശാന്ത് വലതുവിങ്ങില്‍നിന്ന് ബോക്സിനുള്ളിലേക്ക് നല്കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച പ്രണോയ് ഹാല്ഡര്ക്ക് പിഴച്ചു. പന്ത് കിട്ടിയത് ഒഗ്ബെച്ചെയുടെ കാലുകളില്‍. പന്ത് കിട്ടിയ ഒഗ്ബെച്ചെ പായിച്ച ബുള്ളറ്റ് ഹാഫ്വോളി തടുക്കാന്‍ പറന്ന എടികെ ഗോളിയെയും മറികടന്ന് സൈഡ് പോസ്റ്റിലിടിച്ച് വലയില്‍ കയറിയതോടെ സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകരുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ എടികെ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. തുടക്കത്തില്‍ ഒന്നുരണ്ടു കോര്‍ണര്‍ നേടി അവര്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. തുടര്‍ന്നും എടികെയുടെ മുന്നേറ്റങ്ങളായിരുന്നെങ്കിലും ലക്ഷ്യബോധമുണ്ടായിരുന്നില്ല. അവസാന മിനിറ്റുകളില്‍ സമനിലക്കായി എടികെയും ലീഡ് ഉയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സും പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ജയത്തോടെ മൂന്ന് പോയിന്റ് ബ്ലാസ്റ്റേഴ്സിന്. അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 24ന് മുംബൈ സിറ്റി എഫ്സിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: