കോട്ടയം: നായര്‍ സമൂഹത്തിന്റെ അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നായര്‍ സമൂഹത്തോട് ഭരണാധികാരികള്‍ അവഗണനയാണ് കാണിക്കുന്നത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിന്ന് സമുദായത്തെ നിഷ്‌കാസനം ചെയ്യുന്നതിനുള്ള നീക്കം നടക്കുന്നു. നിലനില്‍പ്പിനായി കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ജാതി, മത പരിഗണന കൂടാതെ തുല്യനീതി നടപ്പാക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ പിന്തുണയ്‌ക്കും. കഴിഞ്ഞ അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സും ഏതാനും സമുദായ നേതാക്കളും ചേര്‍ന്ന് നായര്‍ സമുദായങ്ങളെ വഴിയാധാരമാക്കി.
സമുദായ നേതാക്കളുടെ സ്വാര്‍ഥതാല്‍പ്പര്യത്തിന് നായര്‍ സമൂഹത്തെ ഉപയോഗിക്കുന്നവര്‍ ഉപതെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട നിലപാട് സമുദായദ്രോഹമാണ്. ഇത്തരം നേതാക്കളുടെ അഭ്യര്‍ഥന നായര്‍ സമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയണം. തുല്യനീതി ഉറപ്പാക്കുന്ന പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഓര്‍ഗനൈസര്‍ അഡ്വ. പി. രാജേഷ് തിരുവാര്‍പ്പ്, ജില്ലാ കോ-ഓഡിനേറ്റര്‍ കെ.കെ. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
















