തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് വോട്ട് പിടിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് ശരിദൂരം പ്രഖ്യാപിച്ച് പ്രചാരണത്തിനിറങ്ങിയതിനെതിരെയാണ് കോടിയേരി പരാതി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജാതി സംഘടനകള്‍ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ പ്രതികരണം. ടിക്കാറാം മീണയുടെ ഈ നിരീക്ഷണം ശരിയാണെന്ന് കോടിയേരി വ്യക്തമാക്കുകയും ചെയ്തു.
നിലപാട് അടിച്ചേല്‍പ്പിക്കാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്. രാഷ്‌ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരിക്കണമെന്നും അല്ലാതെ ഇടപെടല്‍ നടത്തരുതെന്നും കോടിയേരി പറഞ്ഞു. മുന്നാക്ക സമുദായത്തിനായി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി എന്‍എസ്എസ് നേരത്തെ രംഗത്തെത്തിയിരുന്നു. പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ഈ സര്‍ക്കാര്‍ മുന്നാക്കസമുദായങ്ങള്‍ക്കോ എന്‍എസ്എസിനോ വേണ്ടി എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം. മുന്നാക്ക സംവരണം നടപ്പാക്കാതിരിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















