വട്ടിയൂര്‍ക്കാവ്: കാച്ചാണി കവലയില്‍ ഇന്നലെ വൈകിട്ട് നിന്നവര്‍ക്ക് മൈക്കില്‍ കൂടി വന്ന അനൗണ്‍സ്‌മെന്റ് കേട്ടപ്പോള്‍ കൗതുകം. ‘ഒരു താമര പൂവ് തരാം, പകരം താമരയ്‌ക്ക് ഒരു വോട്ടുതരൂ…’ എന്ന മുദ്രാവാക്യവുമായി വട്ടിയൂര്‍ക്കാവിനെ പത്മാഭിഷേകം ചെയ്ത് ശുദ്ധീകരിക്കാനായി താമര പൂവുമായി വരികയാണ് ഒരു കൂട്ടം യുവാക്കള്‍.
കേരളാ കോണ്‍ഗ്രസ്സ് പി.സി. തോമസ് വിഭാഗത്തിന്റെ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുവാക്കളാണ് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിനുവേണ്ടി കവലകളില്‍ പ്രചാരണം നടത്തുന്നത്. ആയിരത്തോളം താമര പൂവുകളുമായാണ് സംഘം പ്രചാരണത്തിനിറങ്ങുന്നത്.
കവലകളിലെ കടകളിലും സമീപത്തെ വീടുകളിലും കയറി വെള്ളയും ചുവപ്പും നിറത്തിലുള്ള താമര പൂവ് നല്‍കിയ ശേഷം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ചിഹ്നമാണിതെന്നും വോട്ട് ചെയ്യാന്‍ മറക്കരുതെന്നും ഓര്‍മിപ്പിക്കും. കാച്ചാണി ജംഗ്ഷനില്‍ കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി. തോമസ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന് താമര പൂവ് നല്‍കിക്കൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
സഞ്ജീവ് ഗോപാലകൃഷ്ണന്‍ താമര പൂവ് കൊണ്ട് നിര്‍മിച്ച കീരീടം സുരേഷിനെ അണിയിച്ചു. തുടര്‍ന്ന് പേരൂര്‍ക്കടയിലെ കവലകളിലും ഈ സംഘമെത്തി സുരേഷിനായി വോട്ടഭ്യര്‍ത്ഥന നടത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങളിലും ഈ സംഘം ഉടനെത്തും.
















