തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ ബിടെക് പരീക്ഷയില്‍ നിയമ വിരുദ്ധമായി മാര്‍ക്ക് കൂടുതല്‍ നല്‍കിയെന്ന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള കുരുക്ക് മുറുകുന്നു. ജലീലിന്റെ പ്രൈവറ്റ്് സെക്രട്ടറിയുടെ അയല്‍ക്കാരിയാണ് ഈ വിദ്യാര്‍ത്ഥിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
കൂടാതെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ തീരുമാനിച്ച സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ബന്ധുകൂടിയാണ് കായംകുളം സ്വദേശിയായ ഈ കുട്ടി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിന്‍ഡിക്കേറ്റംഗവും ചേര്‍ന്നാണ് അദാലത്തില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ മുന്‍കൈ എടുത്തതെന്ന ആരോപണത്തിനിടെയാണ് ഈ വിവരം പുറത്തുവരുന്നത്.
ബിടെക് പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റതോടെ മാര്‍ക്കുകൂട്ടി വിജയിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥിനി അദാലത്തില്‍ അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് അദാലത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കൊപ്പം മന്ത്രി പങ്കെടുക്കുകയും മാര്‍ക്ക് കൂട്ടി നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
അതേസമയം ഒരു വിഷയത്തിന് തോറ്റവര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അദാലത്തിന്റെ തീരുമാനം വി.സി. അംഗീകരിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അദാലത്തില്‍ മാര്‍ക്ക് കൂട്ടികൊടുത്തില്ലെന്ന വാദമാണ് വിസി ഉന്നയിച്ചത്. സര്‍വകലാശാലകള്‍ നടത്തുന്ന അദാലത്തുകളില്‍ അക്കാദമിക് കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ല. ഭരണപരമായ കാര്യങ്ങളിലെ പരാതികളാണ് തീര്‍പ്പാക്കേണ്ടത്.
മന്ത്രി കെ.ടി. ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണും. ഉന്നത വിദ്യാഭ്യാസമന്ത്രിയെ മാറ്റി നിര്‍ത്തി നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.
















