അരൂര്‍: വോട്ട് നേടാനായി പാര്‍ട്ടിക്കൊടിയുടെ നിറത്തില്‍ മാറ്റം വരുത്തി ഇടതുപക്ഷം. അരൂരില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിയ യൂത്ത് മാര്‍ച്ചിലാണ് കൊടിയുടെ നിറം മാറ്റം വോട്ട് നേടാന്‍ പുതിയ മാര്‍ഗ്ഗം തെരഞ്ഞെടുത്തിരിക്കുന്നത്.
ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചാണ് അണികള്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങിയിരിക്കുന്നത്. ഡിവൈഎഫ്െഎ നേതാവ് എസ്.കെ. സജീഷ് നയിച്ച പടിഞ്ഞാറന്‍ മേഖല ജാഥയില്‍ ആണ് മഞ്ഞയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്.
ഇടത് യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പച്ച നിറത്തിലും അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടിയുമായും പ്രകടനം നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ കൊടിയുടെ നിറം മാറ്റി ആയാലും, ഏത് വിധേനയും വോട്ട് നേടാനുള്ള ശ്രമത്തിലാണ് ഇടത് പക്ഷം.
അതേസമയം ഡിവൈഎഫ്‌ഐനേതാക്കളുടെ ആവശ്യാര്‍ത്ഥം കിഴക്കന്‍ മേഖല ജാഥയില്‍ സി.കെ. ആശ എംഎല്‍എ വെള്ളകൊടി പിടിച്ചതും, പടിഞ്ഞാറന്‍ ജാഥയില്‍ എഐവൈഎഫ് നേതാക്കള്‍ ഏറെനേരം ഒരു കൊടിയും പിടിക്കാതിരുന്നതും യുവജന സംഘടനയ്‌ക്കിടയില്‍ ഉള്‍പ്പോര് ഉണ്ടാക്കിയിട്ടുണ്ട്.
ഏത് വഴിയിലും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാന്‍ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്ന് ബിജെപി ഇതിനെതിരെ പരിഹസിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം ഇതിനെതിരെ ന്യായീകരണവുമായി രംഗത്ത് എത്തി. പാര്‍ട്ടി കൊടിയല്ല, തിരഞ്ഞെടുപ്പ് ചിഹ്നം ബഹുവര്‍ണത്തില്‍ സുപരിചിതമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം കൂട്ടിച്ചേര്‍ത്തു.
















