കൊച്ചി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലും ഒഓര്‍ത്തഡോക്‌സ് വിഭാഗം. രാവിലെ ഏഴ് മണിയോടെ പള്ളിയില്‍ പ്രവേശിക്കാനായി എത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയും വികാരിമാരെയും യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞെങ്കിലും പോലീസ് സ്ഥലത്തെത്തിയതോടെ എതിര്‍ത്തവര്‍ പിന്‍വാങ്ങുകയായിരുന്നു.
പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് യാക്കോബായക്കാര്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് പള്ളി വികാരം ഫാദര്‍ തോമസ് ചകിരിയലിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ വിശ്വാസികള്‍ കുര്‍ബാനയും നടത്തി.
ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ എത്തിയപ്പോള്‍ യാക്കോബായക്കാര്‍ പള്ളിക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. യാക്കോബായ സഭാധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഇടവകപ്പള്ളിയാണ് പുത്തന്‍കുരിശ് പള്ളി. സുപ്രീംകോടതി വിധിയെ മാനിച്ചാണ് പള്ളിയുടെ താക്കോല്‍ നല്‍കുന്നതെന്ന് യാക്കോബായ വിഭാഗക്കാര്‍ പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷമായി യാക്കോബായ വിഭാഗമാണ് പള്ളി നിയന്ത്രിച്ചിരുന്നത്. കോടതി വിധിയുടെ മറവില്‍ ഒരു സുപ്രഭാതത്തിലെത്തി ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം അധികാരം സ്ഥാപിക്കുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് ഈ ഇടവകയ്‌ക്ക് ഉണ്ട്. എന്നാല്‍ സുപ്രീംകോടതി വിധിയെ ബഹുമാനിക്കുക എന്നതുകൊണ്ട് മാത്രമാണ് ഇത്തരത്തിലൊരു മൃദുസമീപനം സ്വീകരിക്കുന്നതെന്നും യാക്കോബായ പള്ളി വികാരി ഫാദര്‍ ജോര്‍ജ് പറക്കാട്ടില്‍ പറഞ്ഞു.
















